സോളാർ ഗൂഢാലോചന: കോണ്‍ഗ്രസിലും യുഡിഎഫിലും പ്രശ്നങ്ങൾ:പിണറായി വിജയൻ
Wednesday, September 20, 2023 1:19 AM IST
തിരുവനന്തപുരം: സോളാർ ഗൂഢാലോചനയയെന്ന സിബിഐ റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള അന്വേഷണവുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസിലും യുഡിഎഫിലും പ്രശ്നങ്ങളാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അവർ നിയമസഭയിൽ ഉന്നയിച്ച അന്വേഷണ ആവശ്യത്തിൽനിന്ന് എന്തുകൊണ്ടു പിന്നോട്ടു പോകുന്നെന്നും അദ്ദേഹം ചോദിച്ചു.
ചില സ്ഥാനങ്ങൾക്കു വേണ്ടിയായിരുന്നല്ലോ ഗൂഢാലോചന നടന്നതെന്നു ബന്ധപ്പെട്ടവർ തന്നെ പറയുന്നു. അവർ ആവശ്യം ഉന്നയിച്ചു കത്തു തന്നാൽ അനുയോജ്യമായ നടപടി സ്വീകരിക്കുമെന്നു നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. പിന്നീട് എന്തുകൊണ്ട് അവർ പറഞ്ഞതിൽനിന്നു പിന്നോട്ടു പോയി. എന്തായിരുന്നു ഈ ആരോപണത്തിന്റെ ഫലം. ഇത് ആരെയാണ് മോശമാക്കാൻ ഉദ്ദേശിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന പിണറായി വിജയനെയോ മരിച്ച ഉമ്മൻ ചാണ്ടിയേയോ? ഉമ്മൻ ചാണ്ടിയെയാണ് ഈ ആരോപണം ബാധിച്ചത്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കത്തു നൽകിയാൽ ആവശ്യം അംഗീകരിക്കുമോ എന്ന ചോദ്യത്തിന് ആദ്യം അവർ ആവശ്യവുമായി വരട്ടെ. പരിശോധിച്ചു തീരുമാനമെടുക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.