മാർക്ക് ലിസ്റ്റ് വിവാദം : പ്രതിപ്പട്ടികയിൽ കെഎസ്യു പ്രസിഡന്റും മാധ്യമപ്രവർത്തകയും
Sunday, June 11, 2023 12:24 AM IST
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ എഴുതാത്ത പരീക്ഷ ജയിച്ചുവെന്ന് കാണിച്ച് മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച സംഭവത്തിൽ എറണാകുളം മഹാരാജാസ് കോളജ് പ്രിൻസിപ്പലും ആർക്കിയോളജി വിഭാഗം കോ-ഓർഡിനേറ്റും ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആർ.
ആർഷോയുടെ പരാതിയിൽ കേസെടുത്ത ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കേസിൽ അഞ്ച് പ്രതികളാണുള്ളത്. ആർക്കിയോളജി വിഭാഗം അധ്യാപകൻ ഡോ. വിനോദ് കുമാറാണ് ഒന്നാംപ്രതി. കോളജ് പ്രിൻസിപ്പൽ ഡോ. വി.എസ്. ജോയ് രണ്ടാംപ്രതി. ആദ്യ രണ്ടുപ്രതികൾ ഗൂഢാലോചന നടത്തി പരാതിക്കാരനെ സമൂഹമധ്യത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നതാണ് കുറ്റം.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കേസിൽ മൂന്നാം പ്രതിയാണ്. മഹാരാജാസ് കോളജ് കെഎസ്യു യൂണിറ്റ് പ്രസിഡന്റ് സി.എ. ഫാസിൽ, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാർ എന്നിവർ നാലും അഞ്ചും പ്രതികളാണ്.
പരീക്ഷ ജയിച്ചെന്ന തെറ്റായ ഫലം തയാറാക്കിയെന്നും അധ്യാപകർക്കെതിരേ കുറ്റം ചുമത്തിയിട്ടുണ്ട്. മൂന്നു മുതൽ അഞ്ചു വരെ പ്രതികൾ മാധ്യമങ്ങളിലൂടെ ഈ വാർത്ത പ്രചരിപ്പിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഇതുവഴിഎസ് എഫ്ഐയ്ക്കും സംസ്ഥാന സെക്രട്ടറിയായ ആർഷോയ്ക്കും പൊതുജനമധ്യത്തിൽ അപകീർത്തിയുണ്ടായെന്നും ഇതിൽ വ്യക്തമാക്കുന്നു.
കേസ് രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾ കഴിഞ്ഞിട്ടും എഫ്ഐആർ പോലീസ് പുറത്തുവിട്ടിരുന്നില്ല. ഇതു വലിയ തോതിൽ ചർച്ചയായതിനു പിന്നാലെയാണ് ഇന്നലെ രാത്രിയോടെ പോലീസ് എഫ്ഐആർ പുറത്തുവിട്ടത്.
പ്രിന്‍സിപ്പലിനെ ചോദ്യംചെയ്തു
കൊച്ചി: മഹാരാജാസ് കോളജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട കേസില്‍ പ്രിന്‍സിപ്പല്‍ ഡോ. വി.എസ്. ജോയിയെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു.
എഴുതാത്ത പരീക്ഷയില്‍ താന്‍ ജയിച്ചെന്ന ഫലം പുറത്തുവന്നെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ചൂണ്ടിക്കാട്ടി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ നല്കിയ പരാതിയെത്തുടര്‍ന്നായിരുന്നു ചോദ്യംചെയ്യല്‍. ആര്‍ഷോ ഡിജിപിക്ക് നല്കിയ പരാതി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറുകയും അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ ഏല്‍പ്പിക്കുകയുമായിരുന്നു.
പ്രാഥമിക അന്വേഷണം നടത്തിയ ശേഷം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നായിരുന്നു ആദ്യവിവരം. എന്നാല്‍ പരാതിയില്‍ നേരിട്ട് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അസിസ്റ്റന്റ് കമ്മീഷണര്‍ പയസ് ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയില്ലെന്ന് പ്രിന്‍സിപ്പല്‍ ആവര്‍ത്തിച്ചു.
സംഭവത്തില്‍ ആരോപണവിധേയനായ കോളജ് ആര്‍ക്കിയോളജി വകുപ്പ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. വിനോദ് കുമാറിനെയും പോലീസ് ചോദ്യം ചെയ്തു. തെറ്റായ മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്നതിന് ഈ അധ്യാപകനടക്കം ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നായിരുന്നു ആര്‍ഷോ നല്കിയ പരാതിയില്‍ പറഞ്ഞിരുന്നത്.