നൈജീരിയയില്‍ തടവിലായിരുന്ന കപ്പല്‍ ജീവനക്കാർ നാട്ടിലെത്തി
Sunday, June 11, 2023 12:24 AM IST
നെടുമ്പാശേരി: കഴിഞ്ഞ പത്തുമാസത്തെ ആശങ്കകള്‍ക്കും അനിശ്ചിതത്വത്തിനുമൊടുവില്‍ നൈജീരിയയില്‍ തടവിലായിരുന്ന കപ്പല്‍ ജീവനക്കാരായ മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തി.
കപ്പലിലെ വാട്ടര്‍മാന്‍ എറണാകുളം മുളവുകാട് സ്വദേശി മില്‍ട്ടണ്‍ ഡിക്കോത്ത, ചീഫ് ഓഫീസര്‍ കടവന്ത്രയില്‍ താമസിക്കുന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശി സനു ജോസ്, കൊല്ലം സ്വദേശി വി. വിജിത് എന്നിവ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്.
ഹൈബി ഈഡന് എംപി, അന്‍വര്‍ സാദത്ത് എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് ഇവരെ സ്വീകരിച്ചു. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നിന്ന് വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 4.30ന് എമിറേറ്റ്സ് വിമാനത്തിലാണ് ഇവര്‍ പുറപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ ദുബായിലെത്തി. തുടര്‍ന്ന് ഇവിടെനിന്ന് ബംഗളൂരു വിമാനത്താവളത്തിലേക്ക് യാത്രയായി. ഇവിടെനിന്നാണ് കൊച്ചിയിലേക്കുള്ള വിമാനം കയറിയത്.
കഴിഞ്ഞ ഓഗസ്റ്റ്12 നാണ് ക്രൂഡ് ഓയില്‍ ടാങ്കറായ ഹീറോയിക് ഇഡുന്‍ എന്ന കപ്പല്‍ നൈജീരിയന്‍ നേവിയുടെ പിടിയിലാകുന്നത്. തങ്ങളെ തടവില്‍ താമസിപ്പിച്ചിരുന്നത് കപ്പലില്‍ തന്നെയായിരുന്നെന്ന് മടങ്ങിയെത്തിയവര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തടവിലാക്കപ്പെട്ട് ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ നാട്ടിലേക്ക് മടങ്ങിവരാനാകുമെന്ന തങ്ങളുടെ പ്രതീക്ഷ അസ്തമിച്ചുപോയെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും ജനപ്രതിനിധികളുടെയും സഹായംകൊണ്ടാണ് മടങ്ങിവരാന്‍ കഴിഞ്ഞതെന്നും ഇവര്‍ പറഞ്ഞു.
അന്വേഷണവുമായി നന്നായി സഹകരിച്ചിരുന്നതുകൊണ്ട് കപ്പലില്‍തന്നെ തടവില്‍ കഴിഞ്ഞാല്‍ മതിയെന്ന് നൈജീരിയന്‍ നേവി കോടതിയെ അറിയിച്ചതിനാല്‍ അതിന് അനുമതി ലഭിക്കുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.