വിജിലന്‍സ് അന്വേഷണം : ""ഞാന്‍ പേടിച്ചുപോയെന്ന് മുഖ്യമന്ത്രിയോട് പറയണം...'' പരിഹസിച്ച് വി.ഡി. സതീശന്
Sunday, June 11, 2023 12:24 AM IST
കൊച്ചി: പുനര്‍ജനി പദ്ധതിയില്‍ തനിക്കെതിരേ വിജിലന്‍സ് കേസെടുത്തത് മുഖ്യമന്ത്രിയുടെ വിദേശത്തെ അനധികൃത പണപ്പിരിവ് മറയ്ക്കാന്വേണ്ടിയാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
ലോകകേരളസഭയുടെ അമേരിക്കയിലെ സമ്മേളനത്തിന്റെ പേരില്‍ അനധികൃത പിരിവ് നടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. ആരോപണത്തില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രിക്കുതന്നെ നേരത്തെ ബോധ്യപ്പെട്ടതും ഹൈക്കോടതി നോട്ടീസ് പോലും അയയ്ക്കാതെ തള്ളിയതുമായ സംഭവത്തിലാണ് വിജിലന്‍സ് തനിക്കെതിരേ കേസെടുത്തിട്ടുള്ളത്.
അമേരിക്കയില്‍നിന്ന് മുഖ്യമന്ത്രി വിളിക്കുമ്പോള്‍ താന്‍ പേടിച്ചുപോയെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അംഗങ്ങള്‍ പറഞ്ഞേക്കണം. അതു കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് സന്തോഷമാകുമെന്നും സതീശന് പരിഹസിച്ചു.
വിഷയത്തില്‍ ധൈര്യമുണ്ടെങ്കില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ താന്‍ നിയമസഭയില്‍ വെല്ലുവിളിച്ചതാണ്. അന്വേഷണം നടക്കട്ടെ. ഏത് അന്വേഷണത്തോടും സഹകരിക്കും. പദ്ധതിയെക്കുറിച്ച് വിശദമായി പഠിച്ചുകഴിയുമ്പോള്‍ പ്രളയാനന്തരം പറവൂരില്‍ ചെയ്ത പ്രവൃർത്തികളടങ്ങിയ നല്ല റിപ്പോര്‍ട്ട് വിജിലന്‍സ് കൊടുക്കുമെന്നാണ് കരുതുന്നത്. കൃത്യമായ അനുമതിയോടെയാണ് വിദേശത്തു പോയിട്ടുള്ളതെന്നും സതീശന് പറഞ്ഞു.
കെ ഫോണില്‍ ചൈനീസ് കേബിളാണെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി തന്നെ സമ്മതിക്കുന്നുണ്ട്. ചൈനീസ് കേബിളിന് നിലവാരമില്ലെന്നു കെഎസ്ഇബിയാണ് പറഞ്ഞത്. വന്‍ അഴിമതിയാണു കെഫോണ്‍ കേബിള്‍ ഇടപാടില്‍ നടന്നിട്ടുള്ളത്.
മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ഉള്‍പ്പെട്ട എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് കോളജിന്റെ പേരില്‍ നിര്‍മിച്ച വ്യജരേഖാ കേസിലും പങ്കുണ്ട്. ഇതിന് കൂട്ടുനില്‍ക്കാത്ത ഇടത് അനുകൂല സംഘടനയിലെ അധ്യാപകനെതിരേയാണ് ഇപ്പോള്‍ ആക്ഷേപം ഉന്നയിച്ചിട്ടുള്ളത്.
പിഎസ്സി പരീക്ഷയില്‍ ആള്‍മാറാട്ടം ഉള്‍പ്പെടെ നടത്തിയവരാണ് എസ്എഫ്ഐക്കാര്‍. സംസ്ഥാനത്ത് പോലീസിന്റെ കൈയും കാലും കെട്ടിയിരിക്കുകയാണെന്നും സതീശന് ആരോപിച്ചു.