ആർജിസിബി:എംഎസ്സി ബയോടെക്നോളജിയ്ക്ക് 18 വരെ അപേക്ഷിക്കാം
Sunday, June 11, 2023 12:23 AM IST
തിരുവനന്തപുരം: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണാധികാര സ്ഥാപനമായ രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (ആർജിസിബി) 2023-25 അധ്യയനവർഷത്തേക്കു നടത്തുന്ന ഫുൾടൈം എംഎസ്സി ബയോടെക്നോളജി കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
60 ശതമാനം മാർക്ക്, തത്തുല്യ ഗ്രേഡിൽ കുറയാതെ യുജിസി മാനദണ്ഡപ്രകാരമുള്ള സയൻസ്, എൻജിനിയറിംഗ്, മെഡിസിൻ ബിരുദവും ഗേറ്റ് ബി സ്കോറുമുള്ളവർക്ക് അപേക്ഷിക്കാം. എസ്സി, എസ്ടി, ഒബിസി-എൻസിഎൽ,പിഡബ്ല്യുഡി (ഭിന്നശേഷിക്കാർ) തുടങ്ങിയ വിഭാഗങ്ങളിലുള്ളവർക്ക് യോഗ്യതാ പരീക്ഷയിൽ അഞ്ചു ശതമാനം മാർക്കിളവുണ്ട്.
നാലു സെമസ്റ്ററായുള്ള രണ്ടുവർഷത്തെ കോഴ്സിൽ ഡിസീസ് ബയോളജി, ജനറ്റിക് എൻജിനിയറിംഗ്, മോളിക്യുളർ ഡയഗ്നോസ്റ്റിക്സ് ആൻഡ് ഡിഎൻഎ പ്രൊഫൈലിങ് സ്പെഷലൈസേഷനുകളുണ്ട്. രണ്ട് കോഴ്സുകളിലും 10 സീറ്റ് വീതം ആകെ 20 സീറ്റാണുള്ളത്. അവസാനവർഷ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. പ്രവേശനസമയത്ത് നിർദിഷ്ട മാർക്കിന്റെ തെളിവ് ഹാജരാക്കണം.
പ്രവേശനം ലഭിക്കുന്നവർക്ക് ആദ്യവർഷം പ്രതിമാസം 6000 രൂപയും രണ്ടാം വർഷം 8000 രൂപയും വീതം സ്റ്റൈപ്പെൻഡ് ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവരുടെ കൗണ്‍സലിംഗ് ജൂണ്‍ 20 മുതൽ ആരംഭിക്കും. ഓഗസ്റ്റ് ഒന്നിന് ക്ലാസ് തുടങ്ങും.
ജൂണ്‍ 18 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും https://rgcb.res.in/msc-adm വെബ്സൈറ്റിൽ ലഭിക്കും.