കോട്ടയം നഗരത്തിൽ മതിൽ ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു
Saturday, June 10, 2023 12:13 AM IST
കോട്ടയം: നഗരത്തിലൂടെ നടന്നുപോകുന്നതിനിടെ മതിലിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. കാരാപ്പുഴ വെള്ളരിക്കുഴി പരേതനായ സോമന്റെ ഭാര്യ വത്സല സോമന് (64) ആണ് മരിച്ചത്.
ഇന്നലെ രാവിലെ കോട്ടയം ബേക്കര്‍ ജംഗ്ഷനു സമീപമാണ് അപകടമുണ്ടായത്. വത്സല നാഗമ്പടം ഭാഗത്തേക്കു നടന്നുപോകുന്പോൾ ബേക്കര്‍ ജംഗ്ഷനില്‍ വൈഡബ്ല്യുസിഎക്ക് എതിർവശത്ത് റോഡരികിലുള്ള മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വത്സലയെ നാട്ടുകാര്‍ ചേര്‍ന്ന് ആദ്യം ജില്ലാ ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. ചികിത്സയില്‍ കഴിയുന്നതിനിടെ വൈകുന്നേരം നാലോടെ മരിച്ചു.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
മക്കള്‍: രജനീഷ്, രതീഷ്, രഞ്ജിനി. മരുമക്കള്‍: സരിത, സുമി, അനീഷ്. സംസ്കാരം ഇന്ന് മുട്ടമ്പലം ശ്മശാനത്തില്‍.