റവന്യൂ വകുപ്പിലെ അഴിമതി അറിയിക്കാൻ ഇന്നു മുതൽ ടോൾ ഫ്രീ നന്പർ
Saturday, June 10, 2023 12:13 AM IST
തിരുവനന്തപുരം: റവന്യൂ വകുപ്പിൽ അഴിമതി തടയുന്നതിന് സമഗ്രമായ നടപടികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് അഴിമതി സംബന്ധിച്ച വിവരങ്ങൾ പരാതിക്കാരുടെ പേരും വിലാസവും വെളിപ്പെടുത്താതെ കൈമാറുന്നതിനുള്ള ടോൾഫ്രീ നന്പർ ഇന്നു നിലവിൽ വരും.
1800 425 5255 എന്ന ടോൾ ഫ്രീ നന്പറിൽ കൈക്കൂലി, അഴിമതി എന്നിവ സംബന്ധിച്ച പരാതികൾ അറിയിക്കാം. പ്രവൃത്തി ദിനങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെയാണ് പ്രവർത്തന സമയം. ടോൾ ഫ്രീ നന്പറിൽ വിളിക്കുന്പോൾ വോയ്സ് ഇന്ററാക്ടീവ് നിർദേശ പ്രകാരം ആദ്യം സീറോ ഡയൽ ചെയ്താൽ റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ രജിസ്റ്റർ ചെയ്യാം.
ഒന്ന് ഡയൽ ചെയ്താൽ സംശയ നിവാരണത്തിനും രണ്ട് ഡയൽ ചെയ്താൽ അഴിമതി സംബന്ധിച്ച പരാതികളും രജിസ്റ്റർ ചെയ്യാനാകും.
അഴിമതി സംബന്ധിച്ച പരാതികൾ പ്രത്യേകമായി രേഖപ്പെടുത്തി പരിശോധനയ്ക്കും നടപടിക്കുമായി ബന്ധപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥർക്ക് കൈമാറും. പരാതി അറിയിക്കുന്നതിന് പ്രത്യേകമായ ഓണ്‍ലൈൻ പോർട്ടലും ഉടനെ നിലവിൽ വരും. നിലവിലുള്ള റവന്യു ടോൾ ഫ്രീ സംവിധാനം പരിഷ്കരിച്ചാണ് അഴിമതി സംബന്ധിച്ച പരാതികൾ കൂടി അറിയിക്കുന്നതിന് സൗകര്യം ഏർപ്പെടുത്തിട്ടുള്ളത്.
പാലക്കാട് പാലക്കയം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കൈക്കൂലിക്കേസിൽ അറസ്റ്റിലായതിനെത്തുടർന്ന് റവന്യു വകുപ്പിലെ അഴിമതി തടയുന്നതിന് സമഗ്ര നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പരാതികൾ അറിയിക്കുന്നതിന് ടോൾ ഫ്രീ സൗകര്യം ഏർപ്പെടുത്തിയത്.