പയ്യന്നൂരിൽ അധ്യാപികയുടെ കാര്‍ കത്തിച്ചതിലും വിദ്യക്കു പങ്കെന്ന്
Friday, June 9, 2023 1:04 AM IST
കണ്ണൂര്‍: അധ്യാപികയുടെ കാര്‍ കത്തിച്ചതിലും വിദ്യക്ക് പങ്കെന്ന ആരോപണവുമായി കെഎസ്യു. ഇന്റേണല്‍ മാര്‍ക്ക് നല്‍കാത്തതിലുള്ള വിരോധമാണു പയ്യന്നൂരിലെ അധ്യാപികയുടെ കാര്‍ കത്തിച്ചതിനു പിന്നിലെന്ന ആരോപണമാണ് കെഎസ്യു നേതാവ് മുഹമ്മദ് ഷമ്മാസ് ഉയര്‍ത്തിയത്.
2016ലാണ് പയ്യന്നൂരില്‍ ആരോപണത്തിനിടയാക്കിയ സംഭവം.അന്ന് ബിഎ മലയാളം വിദ്യാര്‍ഥിയായിരുന്ന വിദ്യ പയ്യന്നൂര്‍ കോളജിലെ എസ്എഫ്ഐ ഭാരവാഹിയായിരുന്നു.
വിദ്യക്ക് ഇന്റേണല്‍ മാര്‍ക്കായി ലഭിച്ചത് പത്തില്‍ എട്ടു മാര്‍ക്കായിരുന്നു. പത്തുമാര്ക്ക്തന്നെ ലഭിക്കണമെന്ന ആവശ്യവുമായി അധ്യാപികയായ പ്രജിതയെ സമീപിച്ചെങ്കിലും അധ്യാപിക വഴങ്ങിയില്ല. ഈ സംഭവമുണ്ടായ അന്നുരാത്രിയിലാണ് കോണ്‍ഗ്രസ് അനുകൂല സംഘടനാ പ്രവര്‍ത്തകകൂടിയായ അധ്യാപിക താമസിച്ചിരുന്ന തായിനേരിയിലെ വീടിനു മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിയത്.
കാറിന്റെ അടിയിലും മുകളിലും ഇന്ധനമൊഴിച്ച് തീകൊളുത്തിയതിനെത്തുടർന്ന് കാര്‍ പൂര്‍ണമായും കത്തിനശിക്കുകയായിരുന്നു. ഇതിന്റെ അന്വേഷണം എവിടെയും എത്താഞ്ഞതിനെത്തുടർന്ന് പോലീസ് കഴിഞ്ഞവര്‍ഷം കേസന്വേഷണം അവസാനിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം.