നെല്ലുവില: യുഡിഎഫ് പ്രതിഷേധ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പോലീസിനും പ്രവർത്തകർക്കും പരിക്ക്
Thursday, June 8, 2023 2:42 AM IST
മങ്കൊമ്പ്: രണ്ടു മന്തിമാർ പങ്കെടുത്ത കുട്ടനാട് താലൂക്ക് അദാലത്ത് നടന്ന മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രത്തിലേക്കു കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ നടത്തിയ യുഡിഎഫ് മാർച്ച് സംഘർഷത്തിലും ലാത്തിച്ചാർജിലും കലാശിച്ചു. നെല്ലിന്റെ വില നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് ബ്ലാക്ക് മാർച്ച് സംഘടിപ്പിച്ചത്.
നേതാക്കളും പ്രവർത്തകരും കറുത്ത വസ്ത്രങ്ങളണിഞ്ഞായിരുന്നു മാർച്ചിനെത്തിയത്. അദാലത്തു നടക്കുന്ന ഹാളിൽ നിന്നു 150 മീറ്ററകലെ മാർച്ചിനെ പ്രതിരോധിക്കാൻ പോലീസ് ബാരിക്കഡ് സ്ഥാപിച്ചിരുന്നു. ഇവിടെ കൊടിക്കുന്നിൽ സുരേഷ് എംപി മാർച്ച് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനശേഷം അദാലത്ത് നടക്കുന്നിടത്തേക്കു പോകാൻ ശ്രമിച്ച എംപിയെ പോലീസ് തടഞ്ഞത് പ്രവർത്തകരെ രോഷാകുലരാക്കി. ബാരിക്കേഡ് തകർക്കാൻ പ്രവർത്തകർ നടത്തിയ നീക്കം ലാത്തിച്ചാർജിൽ കലാശിക്കുകയായിരുന്നു. ഇതിനിടെ പോലീസും പ്രവർത്തകരും തമ്മിലുണ്ടായ ബലപ്രയോഗത്തിൽ അമ്പലപ്പുഴ ഡിവൈഎസ്പി ബിജു വി.നായർ നിലത്തുവീണു. ഇതോടെയാണ് പോലീസ് ലാത്തിവീശിയത്. വീഴ്ചയിൽ ഡിവൈഎസ്പിയുടെ കൈക്കു പരിക്കേറ്റു.
ലാത്തിച്ചാർജിനെത്തുടർന്നു നിരവധി യുഡിഎഫ് പ്രവർത്തകർക്കും പോലീസുകാർക്കും പരിക്കേറ്റു. തുടർന്ന് എസി റോഡിലേക്കു നീങ്ങിയ സമരക്കാർ റോഡ് ഉപരോധിച്ചു.
അര മണിക്കൂറിലധികം റോഡിൽ ഗതാഗതം തടസപ്പെട്ടു. റോഡ് ഉപരോധത്തെത്തുടർന്ന് എംപിയെയും പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. രാമങ്കരി പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയ കൊടിക്കുന്നിൽ സുരേഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അദാലത്ത് വേദിക്കു സമീപത്തായി നെല്ലുവില വൈകുന്നതിൽ പ്രതിഷേധിച്ചു കർഷക സംഘടനയായ നെൽകർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിലും പ്രതിഷേധ പ്രകടനം നടന്നു.