നാലുവർഷ ഡിഗ്രി കോഴ്സ് അടുത്ത വർഷം: മന്ത്രി
Wednesday, June 7, 2023 12:48 AM IST
തിരുവനന്തപുരം: അടുത്ത വർഷം സംസ്ഥാനത്ത് നാലു വർഷ ബിരുദ കോഴ്സ് ആരംഭിക്കുമെന്ന് മന്ത്രി ഡോ.ആർ. ബിന്ദു.
മൂന്നു വർഷം പൂർത്തിയാകുന്പോൾ ബിരുദ സർട്ടിഫിക്കറ്റ് നൽകും. താത്പര്യമുള്ളവർക്ക് നാലു വർഷം പൂർത്തിയാക്കാം. നാലാം വർഷ പഠനത്തിനായി വിദ്യാർഥികളെ നിർബന്ധിക്കില്ല. നാലാം വർഷം ഗവേഷണത്തിനു പ്രാധാന്യം നൽകും.
നാലു വർഷ ഡിഗ്രി കഴിഞ്ഞാൽ പിജി കോഴ്സിനു ലാറ്ററൽ എൻട്രിയിൽ പ്രവേശിക്കാമെന്നു മന്ത്രി പറഞ്ഞു. എക്സിറ്റ് സർട്ടിഫിക്കറ്റ് മൂന്നാം വർഷത്തിൽ മാത്രമേ നൽകൂ. ഇടയ്ക്കു പഠനം നിർത്തുന്നവർക്കായി റീ എൻട്രി സംവിധാനം ഒരുക്കും.
കഴിയുന്നത്ര സർവകലാശാലകളിൽ ഈ വർഷം നാലുവർഷ ബിരുദ കോഴ്സ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും. കേരള സർവകലാശാല ഹോട്ടൽ മാനേജ്മെന്റിൽ ഈ വർഷം നാലുവർഷ കോഴ്സിനു രൂപരേഖ തയാറാക്കി നൽകിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.