അമൽജ്യോതിക്കെതിരേ ഗുണ്ടായിസവും സദാചാര പോലീസിംഗും
Wednesday, June 7, 2023 12:48 AM IST
വാർത്താവീക്ഷണം /സി.കെ. കുര്യാച്ചൻ
സംസ്ഥാനത്തെ പ്രമുഖ കലാലയങ്ങളി ലൊന്നായ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ രണ്ടു ദിവസമായി നടക്കുന്നത് തികഞ്ഞ ഗുണ്ടായിസവും സദാചാര പോലീസിംഗുമാണെന്ന് പറയാതെ വയ്യ. ശ്രദ്ധ സതീഷ് എന്ന വിദ്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്തി സത്യാവസ്ഥ വെളിച്ചത്തുകൊണ്ടുവരേണ്ടത് പോലീസാണ്.
വിദ്യാർഥിനിയുടെ മരണത്തിലേക്കു നയിച്ച എല്ലാ കാര്യങ്ങളിലും ഏതുതരത്തിലുള്ള അന്വേഷണത്തോടും സഹകരിക്കുമെന്ന് ഉറപ്പുനൽകുകയും സത്യം കണ്ടെത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്ത കോളജ് മാനേജ്മെന്റിനെതിരേ സൃഷ്ടിക്കുന്ന സമരകോലാഹലങ്ങൾ മറ്റെന്തോ അജണ്ടയുടെ പേരിലാണെന്നു മാത്രമേ കരുതാനാവൂ. കോളജ് അധികൃതർ എന്തെങ്കിലും മൂടിവയ്ക്കാൻ ശ്രമിക്കുന്നുവെന്ന് തെളിവുസഹിതം ഇതുവരെ ആരും പറഞ്ഞിട്ടില്ല. മാത്രവുമല്ല, ക്യത്യമായ അന്വേഷണം നടത്തണമെന്ന് കോളജ് മാനേജ്മെന്റ് രേഖാമൂലം ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
കോളജിലെതന്നെ ഒരുപറ്റം വിദ്യാർഥികളുടെയും പുറത്തുനിന്ന് വിദ്യാർഥി സംഘടനകളുടെ പേരിലെത്തിയവരുടെയും ആവശ്യം എന്താണെന്നുപോലും വ്യക്തമല്ല. അധ്യാപകരെയും ഹോസ്റ്റൽ വാർഡനെയും മാനേജ്മെന്റ് അധികൃതരെയും പരസ്യവിചാരണ ചെയ്യാൻ വിട്ടുകൊടുക്കുക എന്ന കിരാതവും നീതിന്യായവ്യവസ്ഥയ്ക്ക് വിരുദ്ധവുമായ ആവശ്യംപോലും ഇവർ ഉയർത്തുന്നു.
ഇന്നലെത്തന്നെ ഒത്തുതീർപ്പ് ചർച്ചയിൽ പങ്കെടുത്ത് തീരുമാനങ്ങൾ അംഗീകരിച്ച് ഒപ്പിട്ടു പുറത്തിറങ്ങിയ വിദ്യാർഥി പ്രതിനിധികൾ അതെല്ലാം തള്ളിപ്പറഞ്ഞത് ആരുടെയൊക്കെയോ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമല്ലാതെ മറ്റെന്താണ്? ചർച്ചയിൽ പങ്കെടുത്ത ഡിവൈഎസ്പി തന്നെ വിദ്യാർഥി പ്രതിനിധികളുടെ ഇരട്ടത്താപ്പ് പരസ്യമായി പറയുകയുണ്ടായി. ലാത്തി പോലുമില്ലാതെ നിൽക്കുന്ന പോലീസ് ലാത്തിച്ചാർജ് ചെയ്തു എന്നു പ്രചരിപ്പിക്കുന്നുവെന്നും ഡിവൈഎസ്പി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു ആത്മഹത്യ എന്നു തോന്നിപ്പിക്കുമാറാണ് വിദ്യാർഥിസംഘടനകൾ പ്രതിഷേധിക്കുന്നത്. ബാലരാമപുരത്ത് യാതൊരു അനുമതിയുമില്ലാതെ പ്രവർത്തിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ വിദ്യാർഥിനി ജീവനൊടുക്കിയിട്ട് ഏതാനും നാളുകളേ ആയുള്ളൂ. ജനുവരി അവസാനം പാലക്കാട്ട് എംഇഎസ് കോളജ് വിദ്യാർഥിനി തൂങ്ങിമരിച്ചത് ഫീസടയ്ക്കാൻ വൈകിയതുമൂലം പരീക്ഷ എഴുതാനാവില്ല എന്ന മനോവിഷമത്തിലാണ് എന്ന ആരോപണമുയർന്നിരുന്നു.
ഇവിടെയൊന്നും കാണാത്ത തരത്തിൽ അമൽജ്യോ തിയിലേക്ക് ആക്രമണോത്സുകരായി നീങ്ങുന്നവർ എന്തു സന്ദേശമാണ് സമൂഹത്തിനു നൽകുന്നത് എന്ന ചോദ്യമുയരു ന്നു. ക്രൈസ്തവ സ്ഥാപനങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുവെന്ന് കാഞ്ഞിരപ്പള്ളി രൂപത വികാരിജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ചൂണ്ടിക്കാട്ടുന്നത് ഈ സാഹചര്യത്തിലാണ്.
ഉത്തരവാദപ്പെട്ട മന്ത്രിയുടെതന്നെ പ്രതികരണം സമരക്കാർക്ക് ആവേശം നൽകുന്നതായി. നിയമങ്ങളും ചട്ടങ്ങളും യൂണിവേഴ്സിറ്റിയുടെ നിർദേശങ്ങളും പൂർണമായും പാലിച്ചു നടത്തുന്ന, നാടിന്റെ അഭിമാനമായ ഒരു സ്ഥാപനത്തെ കരിവാരിത്തേയ്ക്കാൻ കിട്ടിയ അവസരം മാധ്യമങ്ങളും മുൻപിൻ നോക്കാതെ പരമാവധി മുതലെടുക്കുന്നത് നാടിന്റെ പുരോഗതി തടയാൻ മാത്രമേ ഉപകരിക്കൂ എന്നു മറക്കരുത്.
സത്യാവസ്ഥ ജനങ്ങളിലെത്തിക്കുന്നതിനു പകരം സെൻസേഷൻ സൃഷ്ടിക്കാനായിരുന്നു മാധ്യമങ്ങളുടെ ശ്രമം. ആശുപത്രിയിലെത്തിച്ച കുട്ടിക്ക് സംഭവിച്ചതെന്താണെന്ന് ഡോക്ടർമാരോടും പോലീസിനോടും കോളജ് അധികൃതർ വ്യക്തമാക്കിയിട്ടും ആശുപത്രിയിലുണ്ടായിരുന്ന കാഴ്ചക്കാരായി നിന്നവരോട് പറഞ്ഞില്ല എന്നതാണ് കുറ്റമായി ചിത്രീകരിക്കപ്പെട്ടത്.
വിദ്യാർഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോളജിന്റെ ഭാഗത്ത് എന്തെങ്കിലും വീഴ്ചയുണ്ടായി എന്ന് ഇതുവരെ പോലീസ് പറഞ്ഞിട്ടില്ല. കൂടുതൽ അന്വേഷണത്തിന് അവരെ അനുവദിക്കാതെ കോളജിനെതിരേ കലാപമഴിച്ചുവിടുന്നവർ നിയമവാഴ്ചയെ അംഗീകരിക്കുന്നവരല്ല എന്നുവേണം കരുതാൻ.
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഖ്യാപിച്ച അന്വേഷണവും നടക്കട്ടെ. കുറ്റവാളികളെ നിശ്ചയിക്കേണ്ടത് അതിനു ശേഷമല്ലേ? അല്ലാതെ കുറച്ചു കുട്ടികളെ മുന്നിൽനിർത്തി കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് കാടത്തമാണ്. ഭരണാധികാരികൾ ഇക്കാര്യത്തിൽ ശക്തമായി ഇടപെടണം.
വിദ്യാർഥിസംഘടനകൾ വിവേകവും ഉത്തരവാദിത്വവും കാട്ടണം. മറ്റ് അജണ്ടകളും താത്പര്യങ്ങളും നടപ്പാക്കാൻ വിദ്യാർഥികളെ കരുവാക്കുന്നവരെ സമൂഹം തിരിച്ചറിയണം, ഒറ്റപ്പെടുത്തണം.