കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് സ്റ്റേ ചെയ്തു
Tuesday, June 6, 2023 12:38 AM IST
കൊച്ചി: കെഎസ്ആര്‍ടിസിയില്‍ മേയ് എട്ടിനു പണിമുടക്കിയ ജീവനക്കാരുടെ മേയ് ഏഴ്, ഒമ്പത് തീയതികളിലെ ശമ്പളം പിടിക്കുന്നത് ഹൈക്കോടതി ഈമാസം 13 വരെ സ്റ്റേ ചെയ്തു.
ഒരു ദിവസത്തെ പണിമുടക്കിന് മൂന്നു ദിവസത്തെ ഡയസ്നോണ്‍ ഏര്‍പ്പെടുത്തിയതിനെതിരേ കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് പി. ഗോപിനാഥാണ് ഇടക്കാല ഉത്തരവ് നല്‍കിയത്. ഹര്‍ജി 13 ന് വീണ്ടും പരിഗണിക്കും.
പണിമുടക്കുദിവസത്തെ ശമ്പളം പിടിക്കുന്നതിന് നിലവില്‍ കെഎസ്ആര്‍ടിസിക്ക് തടസമില്ല. ശമ്പളം ഗഡുക്കളായി നല്‍കുന്നതടക്കമുള്ള നടപടികള്‍ക്കെതിരേയാണ് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ പണിമുടക്കിയത്.
എന്നാല്‍ അധികൃതര്‍ പണിമുടക്കിയ ജീവനക്കാര്‍ക്കു മൂന്നു ദിവസത്തെ ഡയസ്നോണ്‍ ഏര്‍പ്പെടുത്തി. ഇതു നിയമപരമല്ലെന്നായിരുന്നു ഹര്‍ജിയിലെ വാദം.