അനധികൃത സ്വത്ത് സമ്പാദന കേസ്: വി.എസ്. ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്
Monday, June 5, 2023 12:31 AM IST
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി വി.എസ്. ശിവകുമാറിന് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) വീണ്ടും നോട്ടീസ് നല്കി.
ഇന്നു രാവിലെ 11ന് കൊച്ചിയിലെ ഓഫീസിലെത്താനാണു നിര്‍ദേശം. കഴിഞ്ഞ 28ന് ചോദ്യംചെയ്യലിനു ഹാജരാകാന്‍ നിര്‍ദേശിച്ച് ഇഡി നോട്ടീസ് നല്‍കിയെങ്കിലും ശിവകുമാര്‍ ഹാജരായിരുന്നില്ല.
2011 മുതല്‍ 2016 വരെ ശിവകുമാര്‍ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സാമ്പത്തിക ഇടപാടുകളും കള്ളപ്പണ ഇടപാടുകളും അന്വേഷിക്കുന്നതിന്റെ ഭാഗമായാണു ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 2020ല്‍ ശിവകുമാറിന്റെ വീട്ടിലും അദ്ദേഹത്തിന്റെ ബിനാമികളെന്ന് കരുതപ്പെടുന്നവരുടെ വീടുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ശിവകുമാറുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകളും അനധികൃത സ്വത്ത് സമ്പാദനവും നടന്നതായി വിജിലന്‍സും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് എഫ്ഐആറും രജിസ്റ്റര്‍ ചെയ്തിരുന്നു.