കോടിയേരിയുടെ മെഴുക് പ്രതിമ അനാച്ഛാദനം ചെയ്തു
Monday, June 5, 2023 12:31 AM IST
തിരുവനന്തപുരം: മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മെഴുകു പ്രതിമ അനാച്ഛാദനം ചെയ്തു. ശിൽപി സുനിൽ കണ്ടല്ലൂരാണ് അഞ്ചരയടി പൊക്കവും 60 കിലോഗ്രാം തൂക്കവുമുള്ള മെഴു പ്രതിമ നിർമിച്ചത്. കിഴക്കേക്കോട്ടയിൽ സുനിൽ നടത്തുന്ന സുനിൽസ് വാക്സ് മ്യൂസിയത്തിൽ സ്ഥാപിക്കുന്നതിനായി നിർമിച്ച പ്രതിമ ഇന്നലെ കോടിയേരിയുടെ തിരുവനന്തപുരത്തെ വസതിയായ കോടിയേരി ഹൗസിൽ എത്തിച്ചാണ് അനാച്ഛാദനം നിർവഹിച്ചത്.
കോടിയേരിയുടെ ഭാര്യ വിനോദിനിയും മകൻ ബിനീഷ് കോടിയേരിയും കുടുംബാംഗങ്ങളുമെല്ലാം ചടങ്ങിൽ സന്നിഹിതരായിരുന്നു. കോടിയേരി ഉപയോഗിച്ചിരുന്ന ഷൂസ്, ഷർട്ട്, മുണ്ട് എന്നിവ തന്നെയാണ് പ്രതിമയിലും ധരിപ്പിച്ചിരിക്കുന്നത്. കോടിയേരി ജീവിച്ചിരുന്നപ്പോൾതന്നെ ശിൽപം ചെയ്യാനുള്ള ആഗ്രഹം അറിയിച്ചിരുന്നെന്നും എന്നാൽ ഇപ്പോഴാണ് അതു സാധ്യമാക്കാനായതെന്നും സുനിൽ പറഞ്ഞു.