പരിസ്ഥിതി സംരക്ഷണം: നെറ്റ് സീറോ എമിഷന്‍ പദ്ധതിക്ക് തുടക്കം
Sunday, June 4, 2023 12:17 AM IST
കോട്ടയം: പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനായി സഹകരണവകുപ്പ് നടപ്പാക്കുന്ന നെറ്റ് സീറോ എമിഷന്‍ പദ്ധതിക്കു പരിസ്ഥിതി ദിനമായ നാളെ കോട്ടയത്തു തുടക്കമിടും. ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളലും ആഗിരണവും തുലനാവസ്ഥയിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മനുഷ്യ പ്രേരിതകാര്ബണ് ബഹിര്‍ഗമനം കുറയ്ക്കാന്‍ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നെറ്റ് സീറോ എമിഷനുമായി ബന്ധപ്പെടുത്തി ചിട്ടപ്പെടുത്തുമെന്നും സഹകരണ മന്ത്രി വി.എന്‍. വാസവന് അറിയിച്ചു.
സഹകരണവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ പൊതുസ്ഥലങ്ങളിലും സംഘങ്ങളുടെ കൈവശമുള്ള ഭൂമിയിലും ഓരോ പ്രദേശത്തിനും അനുയോജ്യമായ മരങ്ങള്‍ നട്ടു പരിപാലിക്കും.ഓരോ സംഘവും കുറഞ്ഞത് 10 വൃക്ഷത്തെകള്‍ പൊതുസ്ഥലങ്ങളിലടക്കം നട്ടു പരിപാലിക്കും. കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘങ്ങളിലൂടെ കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി പ്രോത്സാഹിപ്പിക്കും.
സഹകരണ വകുപ്പില്‍ ഇനി ഇലക്ട്രിക് വാഹനങ്ങള്‍
സഹകരണ വകുപ്പില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കും. സഹകരണ സംഘങ്ങളുടെ എല്ലാ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളാക്കും. രണ്ടു വര്‍ഷത്തിനകം സഹകരണവകുപ്പിന്റെ 20 ശതമാനം ഉത്പന്നങ്ങളും കാര്‍ബണ്‍ ന്യൂട്രല്‍ സര്ട്ടിഫിക്കേഷന് നേടുന്നതിന് ശ്രമിക്കുന്നതിനൊപ്പം എല്ലാ ഉത്പന്നങ്ങള്‍ക്കും കാര്‍ബണ്‍ ന്യൂട്രല്‍ സര്ട്ടിഫിക്കേഷന് ലഭിക്കുന്നതിന് ദീര്‍ഘകാലപദ്ധതിയും നടപ്പാക്കും.