കെഎസ്ആര്‍ടിസി ബസില്‍ നഗ്നതാ പ്രദര്‍ശനം: കോഴിക്കോട് സ്വദേശിക്ക് ജാമ്യം
Sunday, June 4, 2023 12:17 AM IST
കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന് ആരോപിച്ച് നെടുമ്പാശേരി പോലീസ് അറസ്റ്റു ചെയ്ത കോഴിക്കോട് സ്വദേശി സവാദിന് എറണാകുളം അഡി. സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം ലഭിച്ചു.
ഒന്‍പത് മിനിറ്റ് മാത്രമാണ് സംഭവം നടന്നുവെന്നു പറയുന്ന കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തതെന്നും ഇതിനിടയില്‍ തൊട്ടടുത്തിരുന്ന പരാതിക്കാരിയെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിച്ചിട്ടില്ലെന്നും ഹര്ജിക്കാരന് വാദിച്ചു.
പരാതിക്കാരിക്ക് സോഷ്യല്‍ മീഡിയയില്‍ 103 കെ ഫോളോവേഴ്സ് ഉണ്ടായത് ഈ സംഭവത്തോടെ മില്യണായി ഉയര്‍ന്നു. അതിന് വേണ്ടി അത്തരമൊരു സന്ദര്‍ഭം ഉണ്ടാക്കിയെടുത്തതാണെന്നും തൊട്ടടുത്തിരുന്ന പെണ്‍കുട്ടി പോലും ഇത്തരമൊരു ആരോപണം ഉന്നയിച്ചില്ലെന്നുമാണ് പ്രതി കോടതിയെ അറിയിച്ചത്.
അന്വേഷണം നടക്കുകയാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന് നിലപാടെടുത്തു. എന്നാല്‍ പ്രതിയെ ഇനിയും കസ്റ്റഡിയില്‍ വയ്ക്കേണ്ട ആവശ്യമില്ലെന്ന് വിലയിരുത്തിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.