അച്ചൻകോവിലാറ്റിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു
Monday, May 29, 2023 1:25 AM IST
പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ വെട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിന്റെ സമീപത്തെ ഇല്ലത്തുകടവിൽ ബന്ധുക്കളായ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. കുമ്പഴ ആദിച്ചനോലിൽ രാജുവിന്റെ മകൻ അഭിരാജ് (16), ആദിച്ചനോലിൽ അജിതിന്റെ മകൻ അഭിലാഷ് (ഋഷി -17) എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. കുമ്പഴയിൽനിന്ന് ഒന്പതു പേരടങ്ങുന്ന വിദ്യാർഥിസംഘം ഇളകൊള്ളൂർ സ്കൂളിന്റെ സമീപത്തെ പാടശേഖരത്തിൽ ഫുട്ബോൾ മത്സരത്തിന് എത്തിയിരുന്നു. മത്സരത്തിനിടെ ദേഹത്തു ചെളി പറ്റിയതിനാൽ മത്സരശേഷം ഇല്ലത്തുകടവിൽ കുട്ടികൾ കുളിക്കാനായി എത്തി. ആദ്യം അഭിലാഷും തൊട്ടുപിന്നാലെ അഭിരാജുമാണ് വെള്ളത്തിലിറങ്ങിയത്.
അച്ചൻകോവിലാറ്റിലൂടെ നടന്നുനീങ്ങിയപ്പോൾ ആദ്യം അഭിരാജ് ആഴമുള്ള കയത്തിലേക്കു താഴുന്നതു കണ്ട് അഭിലാഷ് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും ഒന്നിച്ചു കയത്തിലേക്കു മുങ്ങിത്താഴുകയായിരുന്നു. അഭിലാഷിനെ രക്ഷിക്കാൻ മറ്റൊരു സുഹൃത്ത് കാർത്തിക് കൂടി എത്തിയെങ്കിലും ഓടിയെത്തിയ നാട്ടുകാർ രക്ഷപ്പെടുത്തി. മരിച്ച അഭിരാജും അഭിലാഷും സഹോദരപുത്രന്മാരാണ്.
അഭിരാജ് ഇളകൊള്ളൂർ സെന്റ് ജോർജ് ഹൈസ്കൂളിൽനിന്നു പത്താംക്ലാസിൽ ഉന്നത വിജയംനേടി ഉപരിപഠനത്തിനായി കാത്തിരിക്കുകയായിരുന്നു. അഭിലാഷ് പത്തനംതിട്ട മാർത്തോമ്മ സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയാണ്. അഭിരാജിന്റെ മാതാവ്: ശോഭ. സഹോദരൻ: അഭിനവ്. അഭിലാഷിന്റെ മാതാവ്: ഷീജ.
സംഭവമറിഞ്ഞ് കോന്നിയിൽനിന്നു പോലീസും ഫയർ ഫോഴ്സും പത്തനംതിട്ടയിൽനിന്നു സ്കൂബ ടീമും എത്തി നടത്തിയ തെരച്ചിലിൽ ഉച്ചകഴിഞ്ഞു മൂന്നോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മേൽനടപടികൾക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കു മാറ്റി.