സിദ്ദീഖിന്റെ കൊലയ്ക്കു പിന്നിൽ ഹണിട്രാപ്പ്; ചുറ്റിക ഉപയോഗിച്ചും മർദിച്ചും കൊലപ്പെടുത്തി
Sunday, May 28, 2023 3:00 AM IST
തിരൂർ/പെരിന്തൽമണ്ണ: കോഴിക്കോട്ടെ ഹോട്ടൽ വ്യാപാരി തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖിനെ (58) ലോഡ്ജ് മുറിയിൽ നിഷ്ഠുരമായി കൊലപ്പെടുത്തിയ സംഭവത്തിനു പിന്നിൽ ഹണിട്രാപ്പ് എന്നു സ്ഥിരീകരിച്ച് പോലീസ്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ദാസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിദ്ദീഖിനെ നഗ്നനാക്കി ഫോട്ടോയെടുക്കാനുള്ള ശ്രമവും അതിനെ എതിർത്തതുമാണു കൊലപാതകത്തിൽ കലാശിച്ചത്.
എടിഎം കാർഡും മൃതദേഹം മുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടറും ഉൾപ്പെടെയുള്ള ആയുധങ്ങൾ, പ്രതികളുമായി നടത്തിയ തെളിവെടുപ്പിൽ കണ്ടെടുത്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം തിരൂർ ഡിവൈഎസ്പി ഓഫീസിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു എസ്പി സുജിത്ദാസ്. പാലക്കാട് വല്ലപ്പുഴ അച്ചീരിത്തൊടി വീട്ടിൽ മുഹമ്മദ് ഷിബിലി (22), സുഹൃത്ത് ഒറ്റപ്പാലം ചളവറ കൊറ്റോടി വീട്ടിൽ ഖദീജത്ത് ഫർഹാന (19), ഫർഹാനയുടെ സുഹൃത്തും നാട്ടുകാരനുമായ ആഷിക് (ചിക്കു-23) എന്നിവരാണു കേസിൽ നിലവിൽ പ്രതിസ്ഥാനത്തുള്ള മൂന്നു പേർ. സിദ്ദീഖും ഫർഹാനയുടെ പിതാവും നേരത്തേ സുഹൃത്തുക്കളാണ്. അതുവഴി സിദ്ദീഖിനു ഫർഹാനയെ നേരത്തേ അറിയാം.
ഇതിൽ ഷിബിലി, സിദ്ദീഖിന്റെ ഹോട്ടലിലെ ജോലിക്കാരനായിരുന്നു. ഫർഹാന പറഞ്ഞതനുസരിച്ചാണ് സിദ്ദീഖ്, ഷിബിലിക്കു ജോലി നൽകിയത്. സിദ്ദീഖ് കോഴിക്കോട്ടെ എരഞ്ഞിപ്പാലത്തെ ഡി കാസ ഹോട്ടലിൽ മുറിയെടുത്തതു ഫർഹാന പറഞ്ഞിട്ടുതന്നെയായിരുന്നു. ഫർഹാനയാണു ലോഡ്ജിലേക്കു ക്ഷണിച്ചതും. പ്രതിസ്ഥാനത്തുള്ള മൂവരും ഒരുമിച്ചാണു ഹണിട്രാപ്പ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഹണി ട്രാപ്പിലൂടെ സാന്പത്തിക നോട്ടമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് എസ്പി പറഞ്ഞു.
18ന് ഷൊർണൂരിൽനിന്നാണു ഫർഹാന കോഴിക്കോട്ടേക്ക് എത്തുന്നത്. പിന്നാലെ ചിക്കു എന്നു വിളിക്കുന്ന ആഷിക്കുമെത്തി. രണ്ടു പേരും ട്രെയിനിലാണു വന്നത്. ഹോട്ടലിലെ ജോലിയിൽനിന്നു സിദ്ദീഖ് അന്ന് ഉച്ചയ്ക്കു പറഞ്ഞുവിട്ട ഷിബിലി കോഴിക്കോട്ടുണ്ടായിരുന്നു. സംഭവം നടക്കുന്പോൾ മൂന്നു പേരും ഈ ഹോട്ടലിലുണ്ടായിരുന്നു. ഹോട്ടൽ മുറിയിൽ സിദ്ദീഖും ഫർഹാനയും സംസാരിക്കവേ അവിടേക്കെത്തിയ ആഷിക്കും ഷിബിലിയും ബലം പ്രയോഗിച്ച് സിദ്ദീഖിന്റെ നഗ്നചിത്രം പകർത്താൻ ശ്രമിച്ചു.
ഇതിനിടെ പണത്തിന്റെ കാര്യം പറഞ്ഞും ഭീഷണിപ്പെടുത്തി. ഇതോടെ ഇവർ തമ്മിൽ വാക്കുതർക്കവും സംഘർഷവുമായി. ബലപ്രയോഗത്തിനിടെ സിദ്ദീഖ് താഴെവീണു. എന്തുതന്നെ സംഭവിച്ചാലും സിദ്ദീഖിനെ നേരിടുന്നതിനായി ഫർഹാന ഒരു ചുറ്റിക കൈവശം കരുതിയിരുന്നു.
തർക്കത്തിനിടെ, ഫർഹാന നൽകിയ ചുറ്റികകൊണ്ടു ഷിബിലി സിദ്ദീഖിനെ ആഞ്ഞടിച്ചു. തലയ്ക്കാണ് അടിച്ചത്. അടിയേറ്റ പാട് തലയിലുണ്ടായിരുന്നു. ഇതിനിടെ കൂടെയുണ്ടായിരുന്ന ആഷിഖ് സിദ്ദീഖിന്റെ നെഞ്ചിൽ പലതവണ ചവിട്ടി. ഈ ചവിട്ടേറ്റ് സിദ്ദീഖിന്റെ വാരിയെല്ല് തകർന്നു.
തുടർന്ന് മൂന്നു പേരും സംഘം ചേർന്നു സിദ്ദീഖിനെ ആക്രമിച്ചു. ഇതു ശ്വാസകോശത്തെ ബാധിച്ചു. നിരന്തരമുള്ള ആക്രമണമാണു മരണത്തിനിടയാക്കിയതെന്നു പോസ്റ്റ്മോർട്ടത്തിൽ മനസിലാകുന്നുവെന്നും എസ്പി സുജിത്ദാസ് പറഞ്ഞു.
ഷിബിലിയുടെ കൈവശം ഒരു കത്തിയുമുണ്ടായിരുന്നു. ഇതുവച്ചാണു ഭീഷണിപ്പെടുത്തിയത്.