തൃശൂർ: വിയ്യൂരിൽ ഭാര്യാപിതാവിന്റെ കുത്തേറ്റു യുവാവു മരിച്ചു.
Sunday, May 28, 2023 2:58 AM IST
കോലഴി മലപ്പുറത്ത് ക്ഷേത്രം റോഡിൽ വാടകയ്ക്കു താമസിക്കുന്ന പുന്നശേരി ശ്രീകൃഷ്ണൻ (49) ആണു മരിച്ചത്. ഇന്നലെ ഉച്ചയോടെയാണു സംഭവം. കുടുംബവഴക്കാണു കൊലപാതകത്തിൽ കലാശിച്ചത്. പ്രതി മണലിത്തറ ഒറ്റയിൽ ഉണ്ണിക്കൃഷ്ണനെ(69) വിയ്യൂർ പോലീസ് അറസ്റ്റ് ചെയ്തു.മണലിത്തറ സ്വദേശിയായ ശ്രീകൃഷ്ണൻ ഏകമകളുടെ പഠനസൗകര്യാർഥം മാസങ്ങൾക്കുമുന്പേയാണു കോലഴിയിലേക്കു താമസം മാറിയത്.
കോലഴിയിലെ വീട്ടിൽ മദ്യപിച്ചിരിക്കുന്നതിനിടെ സ്വത്ത് സംബന്ധിച്ച തർക്കമുണ്ടാവുകയും പ്രതി കൈയിൽ കിട്ടിയ കത്തി ഉപയോഗിച്ച് ശ്രീകൃഷ്ണനെ കുത്തുകയുമായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്തം വാർന്ന് ശ്രീകൃഷ്ണൻ മരിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. വിയ്യൂർ പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്നു നടക്കും. ഭാര്യ: വിനിത (സ്കൂൾ അധ്യാപിക), മകൾ: കാവ്യ.