പുരോഹിതൻ ചമഞ്ഞ് 35 ലക്ഷം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ
Saturday, May 27, 2023 1:05 AM IST
അടിമാലി: പുരോഹിതൻ ചമഞ്ഞ് ഹോട്ടൽ വ്യവസായിയെ വിളിച്ചുവരുത്തി 35 ലക്ഷം രൂപ അപഹരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
തൊടുപുഴ അരിക്കുഴ ലക്ഷ്മിഭവനിൽ അനിൽ വി. കൈമളി(38)നെയാണ് ഇടുക്കി എസ്പി വി.യു. കുര്യാക്കോസ്, ഡിവൈഎസ്പി ബിനു ശ്രീധർ, വെള്ളത്തൂവൽ സിഐ ആർ. കുമാർ എന്നിവരുടെ നേതൃത്വത്തിൽ മൈസൂർ നഞ്ചൻകോട്ടിൽനിന്നു പിടികൂടിയത്. ഇയാളിൽനിന്ന് 4.88 ലക്ഷം രൂപ പിടിച്ചെടുത്തു. സംഘത്തിൽ ഉൾപ്പെട്ട മറ്റ് എട്ടു പേർക്കായി അന്വേഷണം തുടരുകയാണ്.
തിരുവനന്തപുരത്തെ ഹോട്ടൽ വ്യവസായി തിരുവനന്തപുരം കരമന പ്രേം നഗറിർ കുന്നപ്പളളിൽ ബോസിന്റെ പരാതിയിലാണ് അറസ്റ്റ്. പോലീസ് പറയുന്നത് ഇങ്ങനെ: മൂന്നാർ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഭൂമിയും റിസോർട്ടുകളും ലാഭത്തിൽ കിട്ടാനുണ്ടെന്നും സഭയുടെ കീഴിലെ സ്ഥാപനമായതിനാൽ ലാഭം കൂടുമെന്നും വിശ്വസിപ്പിച്ചു ബോസിനെ മൂന്നാറിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. പുരോഹിതൻ ചമഞ്ഞ് ബോസിനെ വിളിച്ചത് അറസ്റ്റിലായ അനിലാണ്.
അനിലിന്റെ വാക്ക് വിശ്വസിച്ചു ബോസ് സ്വന്തം കാറിൽ 35 ലക്ഷം രൂപയുമായി തിങ്കളാഴ്ച അടിമാലിയിൽ എത്തി. ഫോണ് ചെയ്തപ്പോൾ മൂന്നാറിലേക്ക് ആനച്ചാൽ വഴി വരാൻ ആവശ്യപ്പട്ടു. ആനച്ചാലിൽ എത്തിയപ്പോൾ ചിത്തിരപുരം സ്കൂളിനു സമീപത്തെ വെയ്റ്റിംഗ് ഷെഡിൽ തന്റെ കപ്യാർ നിൽക്കുന്നുണ്ടെന്നു പറഞ്ഞു. ഇതുപ്രകാരം വെയ്റ്റിംഗ് ഷെഡിൽ എത്തി. കപ്യാരായി എത്തിയ അനിൽ പണം കാണിക്കാൻ പറഞ്ഞു. ഉടൻ ബാഗ് തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ ബോസ് വെള്ളത്തൂവൽ പോലീസിൽ പരാതി നൽകി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ അനിൽ മൈസൂരിൽ ഉണ്ടെന്നു മനസിലാക്കി ഇവിടെ എത്തി പിടികൂടുകയായിരുന്നു. മൂന്നുപേർ ചേർന്നാണ് പദ്ധതി തയാറാക്കിയതെന്നും ഒന്പതുലക്ഷം വീതം വീതിച്ചെടുത്തെന്നും ബാക്കി എട്ടു ലക്ഷം സഹായിച്ച അഞ്ചുപേർക്കു നൽകിയെന്നും അനിൽ പറഞ്ഞു.
അന്വേഷണ സംഘത്തിൽ എസ്ഐമാരായ സജി എൻ. പോൾ, സി.ആർ. സന്തോഷ്, ടി.ടി. ബിജു, എസ്സിപിഒമാരായ ശ്രീജിത്ത്, നിഷാദ് എന്നിവരും ഉണ്ടായിരുന്നു.