ഉച്ചഭക്ഷണം: തുക വർധിപ്പിക്കണമെന്ന് ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ
Saturday, May 27, 2023 1:04 AM IST
തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിനു മുന്പായി ഉച്ചഭക്ഷണ പരിപാടിക്ക് അനുവദിക്കുന്ന തുക 15 രൂപയായി വർധിപ്പിക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്എ) മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
പദ്ധതി നടപ്പാക്കാൻ കഴിഞ്ഞ മാർച്ച് മാസത്തിൽ പ്രധാന അധ്യാപകർ ചെലവഴിച്ച തുക ലഭ്യമാക്കാൻ അടിയന്തര നടപടി വേണം. 2016 മുതൽ ഉച്ചഭക്ഷണം, മുട്ട, പാൽ എന്നിവ വിതരണം ചെയ്യാൻ 150 വരെ കുട്ടികളുള്ള സ്കൂളുകൾക്ക് ഒരു കുട്ടിക്ക് ദിനംപ്രതി 8 രൂപയും 151 മുതൽ 500 വരെ 7 രൂപയും 500നു മുകളിൽ 6 രൂപ എന്ന നിരക്കിലാണ് ഫണ്ട് അനുവദിക്കുന്നത്. വിലക്കയറ്റം രൂക്ഷമായിട്ടും തുക വർധിപ്പിക്കാത്തതിനാൽ പ്രധാന അധ്യാപകർ കടക്കെണിയിലായി.
മുട്ട, പാൽ വിതരണത്തിന് പ്രത്യേകം ഫണ്ട് അനുവദിക്കുക, ഒരു ദിവസം ഒരു കുട്ടിക്ക് അനുവദിക്കുന്ന തുകയിൽ പച്ചക്കറി, പലവ്യഞ്ജനങ്ങൾ, പാചകവാതകം, പാൽ, മുട്ട , കയറ്റിറക്ക് കൂലി, വണ്ടിക്കൂലി തുടങ്ങിയവയ്ക്ക് എത്ര വീതം തുകയാണ് വിനിയോഗിക്കേണ്ടതെന്ന് വിഭജിച്ച് ഉത്തരവ് പുറപ്പെടുവിക്കുക, ഉച്ചഭക്ഷണ പദ്ധതി പ്രധാനാധ്യാപകരുടെ ചുമതലയിൽ നിന്ന് മാറ്റി മറ്റ് ഏജൻസിയെ ഏൽപ്പിക്കുക, പാചകത്തിന് ആവശ്യമായ വസ്തുക്കൾ സ്കൂളിൽ എത്തിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിച്ചു.