ജീവിതലാളിത്യം കാത്തുസൂക്ഷിച്ച ഒരു ബുദ്ധിജീവി
Monday, March 20, 2023 4:38 AM IST
ആർജവവും അചഞ്ചലമായ ബോധ്യങ്ങളുമുള്ള ശ്രേഷ്ഠാചാര്യനായിരുന്നു മാർ ജോസഫ് പവ്വത്തിൽ. ജീവിതലാളിത്യം കാത്തുസൂക്ഷിച്ച ബുദ്ധിജീവിയുമായിരുന്നു അദ്ദേഹം. സഭാമേലധ്യക്ഷനടുത്ത വേഷഭൂഷാദികൾ വേണ്ടെന്നുവച്ച അദ്ദേഹം ലളിതമായ വൈദികവസ്ത്രവും കുരിശുമാലയും മാത്രം ധരിക്കാൻ ഇഷ്ടപ്പെട്ടു. എഴുത്തും വായനയും സംവാദവും പ്രബോധനവുമായിരുന്നു ഇഷ്ടങ്ങൾ. തന്റെ വിശ്വാസത്തിന്റെ മാത്രമല്ല, അതിന്റെ സാംസ്കാരിക സ്വത്വത്തിന്റെയും ഏറ്റവും വലിയ സമർഥകനായിരുന്നു അദ്ദേഹം.
മാർ പവ്വത്തിൽ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തിയാണ്. കേരളത്തിൽ സ്വാശ്രയ പ്രഫഷണൽ കോളജുകൾ തുടങ്ങുന്ന കാലത്ത് അദ്ദേഹം ഉന്നതവിദ്യാഭ്യാസത്തിനുവേണ്ടിയുള്ള ഇന്റർചർച്ച് കൗൺസിലിന്റെ മേധാവിയായിരുന്നു. സഭയുടെ ന്യൂനപക്ഷാവകാശങ്ങളും സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യവും ശക്തമായി സംരക്ഷിക്കേണ്ടതുണ്ടായിരുന്നു. ചില സ്വകാര്യസ്ഥാപനങ്ങളിലെ അഴിമതിയും വാണിജ്യവത്കരണവും സാധൂകരിക്കാനുള്ള ശ്രമമായിട്ടാണ് ചിലർ ഇതിനെ കണ്ടത്. എന്നാൽ, തന്റെ മാനേജ്മെന്റിൽ ഒരു എൻജിനിയറിംഗ് കോളജോ ഒരു മെഡിക്കൽ കോളജോ തുടങ്ങുന്നതിനെ അദ്ദേഹം ശക്തമായി വിസമ്മതിച്ചു എന്ന കാര്യം മറക്കരുത്.
വാസ്തവത്തിൽ, ആദർശത്തിന്റെ അടിസ്ഥാനത്തിൽ തന്നെ, ഉന്നതവിദ്യാഭ്യാസത്തിന്റെ വാണിജ്യവത്കരണത്തിന് അദ്ദേഹം എതിരായിരുന്നു. ഇന്നുവരെ ചങ്ങനാശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് സ്ഥാപനത്തിലും (എസ്ബി കോളജും അസംപ്ഷൻ കോളജും നിരവധി സ്കൂളുകളും ഉൾപ്പെടെ) പ്രവേശനത്തിനോ നിയമനത്തിനോ ഒരു രൂപപോലും ഡൊണേഷൻ വാങ്ങുന്നില്ല എന്ന കാര്യവും അടിവരയിട്ടു പറയണം.
നിരവധി വിഷയങ്ങളിൽ അദ്ദേഹം ശക്തമായ നിലപാടുകൾ കൈക്കൊണ്ടു; പൊതുജനാഭിപ്രായം വിരുദ്ധമാണെങ്കിൽക്കൂടി അവയിൽ വെള്ളം ചേർക്കാൻ അദ്ദേഹം തയാറായില്ല. ആവശ്യമെങ്കിൽ ഒറ്റയ്ക്കു നടക്കാൻ വേണ്ട കരളുറപ്പും ബോധ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ആശയപരമായി എതിർത്തവർപോലും അദ്ദേഹം വിഷയങ്ങൾ അവതരിപ്പിച്ചപ്പോൾ പ്രകടിപ്പിച്ച മാന്യതയും വ്യക്തതയും അംഗീകരിക്കുവാൻ മടിച്ചിട്ടില്ല. ഒരിക്കൽപ്പോലും അനാവശ്യ വാക്കുകളോ നാക്കുപിഴവോ അദ്ദേഹത്തിൽനിന്നുണ്ടായിട്ടില്ല. ശരിയാണ്, അദ്ദേഹം സംസാരിക്കുന്നതിൽ പിശുക്കു കാണിച്ചിരുന്നു; എന്നാൽ വാക്കുകൾ ശ്രദ്ധാപൂർവമാണ് തെരഞ്ഞെടുത്തിരുന്നത്. വളരെയധികം ചിരിക്കുന്ന വ്യാക്തിയായും അദ്ദേഹത്തെ കണ്ടിട്ടില്ല.
എല്ലാവിധത്തിലുമുള്ള ഗരിമയുടെ പരിവേഷം അദ്ദേഹത്തെ ചൂഴ്ന്നു നിന്നിരുന്നു. വ്യക്തിപരമായി പറഞ്ഞാൽ അദ്ദേഹം എസ്ബി കോളജിൽ എന്റെ പിതാവിന്റെ സഹപാഠിയായിരുന്നു (ബിഎ ധനതത്വശാസ്ത്രം). ഹാജർ രജിസ്റ്ററിൽ അവരുടെ പേരുകളും തൊട്ടടുത്തായിരുന്നു (ജോസഫ് പി.ജെയും ജോസഫ് വി.ടിയും). അന്തരിച്ച നാരായണപ്പണിക്കരും (എൻഎസ്എസിന്റെ മുൻ സെക്രട്ടറി) ആ ബാച്ചിൽപ്പെട്ട ആളായിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ പവ്വത്തിൽ പിതാവുമായി സംസാരിക്കാൻ കിട്ടിയ ഏതാനും അവസരങ്ങളിൽ അദ്ദേഹത്തിന്റെ കരുതൽ അനുഭവിക്കാൻ എനിക്കും ഭാഗ്യമുണ്ടായിട്ടുണ്ട്.
മഹാനായ പിതാവിന് എന്റെ ആദരാഞ്ജലികൾ മൃദുഭാഷിയും കാഴ്ചയിൽ സൗമ്യനുമായ അദ്ദേഹം കേരളീയ പൊതുജീവിതത്തിലെ ഉത്തുംഗ സാന്നിധ്യമായിരുന്നു; വിയോജിച്ചിരുന്നവരുടെപോലും ആദരവ് നേടിയെടുത്ത അപൂർവ വ്യക്തിത്വം. ജൂലിയസ് സീസർ നാടകത്തിൽ, സീസറിന്റെ മരണത്തിനുശേഷം മാർക്ക് ആന്റണി പറയുന്നതായി ഷേക്സ്പിയർ രേഖപ്പെടുത്തിയത് ഓർമ വരുന്നു: " ഇവിടെ ഒരു ചക്രവർത്തി ഉണ്ടായിരുന്നു. അങ്ങനെയൊരാൾ ഇനി എന്നു വരും!’