കത്തിയ കാറിൽ ഇന്ധനം സൂക്ഷിച്ചിരുന്നില്ല: റീഷയുടെ പിതാവ്
Sunday, February 5, 2023 1:43 AM IST
കണ്ണൂര്: ആശുപത്രിയിലേക്കുള്ള വഴിമധ്യേ കാറിനു തീപിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ച സംഭവത്തിൽ തീ ആളിപ്പടരാൻ കാരണമായതിന്റെ യഥാർഥ കാരണം പുറത്തുവരണമെന്ന് കുടുംബം.
കാറിൽ പെട്രോൾ സൂക്ഷിച്ചിരുന്നില്ല. ഉണ്ടായിരുന്നത് കുടിവെള്ളം മാത്രമാണെന്നും മരിച്ച റീഷയുടെ അച്ഛൻ വിശ്വനാഥൻ പറഞ്ഞു. രണ്ട് കുപ്പിയിൽ കുടിവെള്ളമുണ്ടായിരുന്നു. മകൾ പ്രസവത്തിന് പോകുന്നതുകൊണ്ട് അത്യാവശ്യം വേണ്ടുന്ന വസ്ത്രങ്ങളും വണ്ടിയിൽ സൂക്ഷിച്ചിരുന്നു. അല്ലാതെ വാഹനത്തിൽ വേറൊന്നും സൂക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കാറിൽനിന്ന് ഭാഗികമായി കത്തിയ ഒരു കുപ്പിയും മറ്റൊരു കുപ്പിയുടെ അവശിഷ്ടങ്ങളുമാണ് ഫോറൻസിക് വിഭാഗത്തിന് ലഭിച്ചത്. ഇതു രാസപരിശോധനയ്ക്കായി അയച്ചിരിക്കുകയാണെന്നും ഏഴു ദിവസത്തിനുള്ളിൽ പരിശോധനാഫലം വരുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.
മോട്ടോർ വാഹന വകുപ്പും ഫോറൻസിക് വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തിയത്.