പിന്തിരിപ്പൻ ആശയങ്ങൾക്കായി പാഠപുസ്തക ഉള്ളടക്കം മാറ്റുന്ന പ്രക്രിയ നടക്കുന്നു: മുഖ്യമന്ത്രി
Sunday, November 27, 2022 12:21 AM IST
തിരുവനന്തപുരം: നമ്മുടെ ബഹുസ്വരതയെ ഇല്ലായ്മ ചെയ്യാനും പിന്തിരിപ്പൻ ആശയങ്ങൾ വരുംതലമുറയുടെ മനസിൽ കുത്തിനിറയ്ക്കാനുമായി പാഠപുസ്തകങ്ങളുടെ ഉള്ളടക്കം മാറ്റുന്ന അപകടകരമായ പ്രക്രിയയാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഭരണഘടനാദിന സന്ദേശത്തിൽ അറിയിച്ചു.
ഉന്നതവിദ്യാഭ്യാസരംഗത്ത് ശാസ്ത്ര അവബോധം തകർക്കാനുള്ള പരീക്ഷണങ്ങളാണ് നടക്കുന്നത്. ശാസ്ത്ര അവബോധ നിർമിതി ഭരണഘടനയുടെ അടിസ്ഥാന കടമകളിലൊന്നാണ്. അതാണ് തൃണവൽഗണിക്കപ്പെടുന്നത്. സംതൃപ്തമായ സംസ്ഥാനങ്ങളും ശക്തമായ കേന്ദ്രവും ചലിക്കുന്ന തദ്ദേശസർക്കാരുകളും എന്ന യഥാർഥ ഫെഡറൽ സങ്കൽപ്പം സാർഥകമാകാൻ കടമ്പകൾ സൃഷ്ടിക്കപ്പെടുന്നു എന്നതും ഭരണഘടന നേരിടുന്ന വലിയ വെല്ലുവിളിയാണ്.
തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ സമ്മർദത്തിലാക്കാൻ ഉയർന്ന ഭരണഘടനാ പദവികൾ വഹിക്കുന്നവർ പോലും ഉപയോഗിക്കപ്പെടുന്നു എന്നതും ഈ ഭരണഘടനാ ദിനത്തിന്റെ ഉത്കണ്ഠകളിൽ ഒന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.