ഡിസിഎൽ ബാലരംഗം
Saturday, November 26, 2022 1:54 AM IST
കൊച്ചേട്ടന്റെ കത്ത് / മലയാളമുണ്ട്, മലയോളമുണ്ട് പ്രിയ ഡിസിഎൽ കൂട്ടുകാരേ,
കൂട്ടുകാരുടെ പ്രിയ സംഘടനയായ ദീപിക ബാലസഖ്യം കേരളക്കരയും കടന്ന് ഇതര സംസ്ഥാനങ്ങളിലൂടെ വളർച്ചയുടെ പടവുകൾ തേടുകയാണ്. തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ ഡിസിഎൽ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞദിവസം തെലങ്കാനയിലെ സെന്റ് സാവ്യോ പബ്ലിക് സ്കൂളിൽ നടത്തപ്പെട്ടു. തെലങ്കാനയിലും ആന്ധ്രപ്രദേശിലും നിരവധി മികച്ച വിദ്യാലയങ്ങൾ നടത്തുന്ന പ്രിൻസിപ്പൽമാരുടെ കൂട്ടായ്മയായ ടെഡ്സിന്റെ സമ്മേളനവേദിയിൽവച്ചാണ് ഡിസിഎൽ പ്രവർത്തനങ്ങളുടെ ആന്ധ്ര തെലങ്കാന സോണിന്റെ ഉദ്ഘാടനം നടന്നത്.
ആ സമ്മേളനത്തിൽ പങ്കെടുത്തപ്പോൾ ഒരു കാര്യം വ്യക്തമായി; ഈ സ്വകാര്യ സ്കൂളുകൾ നടത്തുന്ന വ്യക്തികൾ എല്ലാവരും മലയാളികളാണ്. അവരുടെയെല്ലാം വിദ്യാലയങ്ങളുടെ പേരുകൾ നിറപ്പകിട്ടാർന്ന അക്ഷരങ്ങൾകൊണ്ട്, എഴുതിയതിന്റെ പേരിലോ സ്കൂൾ കെട്ടിടങ്ങളുടെ വലിപ്പത്തിന്റെ പേരിലോ അല്ല, ഈ വിദ്യാലയങ്ങളിൽ നിറയെ വിദ്യാർഥികൾ ഉള്ളതും മികച്ച അധ്യയനം ഇവിടെ സംഭവിക്കുന്നതും. മറുനാട്ടിലാണെങ്കിലും അവരുടെയെല്ലാവരുടെയും ഉള്ളിൽ മലയാളമുണ്ട്.
മലയാളമുണ്ട് എന്നതു മാത്രമല്ല, ജീവിതത്തെപ്പറ്റിയും നവസമൂഹ സൃഷ്ടിയെപ്പറ്റിയുമുള്ള ഉറച്ച ബോധ്യങ്ങളും ലക്ഷ്യബോധവും അവരുടെയുള്ളിൽ മലയോളമുണ്ട് എന്നതാണവരുടെ വിജയത്തിന്റെ കാരണം.
വിവിധ സ്കൂളുകൾ നടത്തുന്നവരാണ് അവരെങ്കിലും അവരുടെ സഹകരണത്തിന്റെ അടിത്തറ കക്ഷിരാഷട്രീയ താത്പര്യങ്ങൾക്കും ജാതി-മത പരിഗണനകൾക്കും അതീതമാണ് എന്നതാണ് ഈ കൂട്ടായ്മയുടെ വിജയത്തിനു കാരണമായി എനിക്കു തോന്നിയത്. ഒരുപക്ഷേ, കേരളത്തിലെ മലയാളിയേക്കാൾ മറുനാട്ടിലുള്ള മലയാളികൾക്ക് അതിജീവനോർജം കൂടുതലുണ്ട് എന്ന് എനിക്കുതോന്നി. സ്വന്തം സ്ഥാപനം വളരണം എന്ന് ആഗ്രഹിക്കുന്പോൾത്തന്നെ, അതു മറ്റൊരാളുടെ സ്ഥാപനം തളർത്തിക്കൊണ്ടാകണം എന്ന് അവരിലാരും കരുതുന്നില്ല. ഉറച്ച മാനവികതയും സാമൂഹ്യബോധവും ആ മലയാളികൾക്കുള്ളിൽ മലയോളമുണ്ട് എന്നതാണ് അതിനു കാരണം.
പ്രിയ കൂട്ടുകാരേ, നിങ്ങളെപ്പോലെതന്നെ കേരളത്തിൽ പഠിച്ചുവളർന്ന നല്ല അധ്യാപകരാണ്, തെലങ്കാനയിലും ആന്ധ്രപ്രദേശിലും മികച്ച വിദ്യാഭ്യാസ വിപ്ലവത്തിന്റെ വിജയക്കൊടി പാറിക്കുന്നത്. സാക്ഷരസന്പന്നമായ കേരളത്തിന്റെ വിദ്യാഭ്യാസ പൈതൃകംതന്നെയാണ് അവരും പിന്തുടരുന്നത്. മറുനാട്ടിലാണെങ്കിലും ഉള്ളിന്റെയുള്ളിൽ മലയോളം മലയാണ്മയുമായി കൈകോർത്തു വളരുന്ന ഈ അധ്യാപക സമൂഹം നിങ്ങൾക്കും മാതൃകയാണ്.
ഇന്നത്തെ കേരളത്തിലെ വിദ്യാർഥികളിൽ മലയാളം മലയോളമില്ല എന്നു മാത്രമല്ല, മലയാളമേയില്ല എന്ന ദുരന്തമാണ് വാപിളർന്നു നിൽക്കുന്നത്. ഇവിടെയാണ് ടെഡ്സും അതിലെ മലയാളികളായ അധ്യാപക സമൂഹവും വിദ്യാർഥികൾക്കും കേരളത്തിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും മാതൃകയാകുന്നത്. നമുക്ക് മലയാളത്തെ സ്നേഹിക്കാം, മലയോളം സ്നേഹിക്കാം.
സ്നേഹത്തോടെ, സ്വന്തം കൊച്ചേട്ടൻ
വിജ്ഞാന വിതരണത്തിന്റെ നവദർശനങ്ങളുമായി ഡിസിഎൽ-ടെഡ്സ് ചരിത്ര സംഗമം
പതിറ്റാണ്ടുകളായി തെലങ്കാനയിലും ആന്ധ്രാപ്രദേശിലും നിരവധി വിദ്യാലയങ്ങളിലൂടെ വിജ്ഞാന വിതരണവും നവസമൂഹ സൃഷ്ടിയും നിർവഹിക്കുന്ന ഒരുപറ്റം സമർത്ഥരായ മലയാളി സ്കൂൾ പ്രിൻസിപ്പൽമാരുടെ സംഘടനയാണ് ടെഡ്സ് (TEDS) എന്ന തെലങ്കാന എഡ്യുക്കേഷൻ ഡെവലപ്മെന്റ് സൊസൈറ്റി.
ഏഴു പതിറ്റാണ്ടുകളായി കേരളത്തിലും വിവിധ സംസ്ഥാനങ്ങളിലും ഒരേയൊരിന്ത്യ, ഒരൊറ്റ ജനത എന്ന ദേശീയോദ്ഗ്രഥന സന്ദേശവുമായി വിദ്യാർത്ഥി ലക്ഷങ്ങളെ കോർത്തിണക്കി യാത്രചെയ്യുന്ന ദീപിക ബാലസഖ്യവും തെലങ്കാനയിലെ ടെഡ്സും ചേർന്ന് തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ വിദ്യാർത്ഥി ലക്ഷങ്ങളുടെ സമഗ്ര വ്യക്തിത്വ വികസനത്തിനായി കൈകോർത്ത വേദിയായി മാറി, പിച്ച് വെൽ എന്ന പേരിൽ നടന്ന പ്രിൻസിപ്പൽ മീറ്റ്.
ടെഡ്സ് പ്രസിഡന്റ് ലിബി ബെഞ്ചമിന്റെ അധ്യക്ഷതയിൽ സെന്റ് സാവ്യോ പബ്ലിക് സ്കൂളിൽ നടന്ന സമ്മേളനം ഫാ. മാത്യു ഉദ്ഘാടനംചെയ്തു. കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ മുഖ്യപ്രഭാഷണം നടത്തി. സിസ്റ്റർ വിനിജ എസ്എബിഎസ് ക്ലാസ് നയിച്ചു. സെക്രട്ടറി റവ. ജോസഫ് നെടുമനാൽ, ട്രഷറർ പ്രകാശൻ തുടങ്ങിയവർ നേതൃത്വം നൽകി.
ഡിസിഎൽ സംസ്ഥാന ഓർഗനൈസേഴ്സ് മീറ്റ് ഇന്ന്
കോട്ടയം: ദീപിക ബാലസഖ്യം കേന്ദ്ര സമിതി അംഗങ്ങളുടെയും കോ-ഓർഡിനേറ്റർമാരുടെയും മേഖലാ ഓർഗനൈസർമാരുടെയും സമ്മേളനം ഇന്നും നാളെയുമായി മാങ്ങാനം സ്പിരിച്വാലിറ്റി സെന്ററിൽ നടക്കും. ഇന്ന് വൈകുന്നേരം 7.30ന് ആരംഭിക്കുന്ന മീറ്റിംഗ് കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ ഉദ്ഘാടനം ചെയ്യും.