പാൽ ഉത്പാദന ഇൻസന്റീവ് പദ്ധതി: ക്ഷീരകർഷകർക്ക് ഇന്നു മുതൽ രജിസ്ട്രേഷൻ ഡ്രൈവ്
Sunday, August 14, 2022 11:54 PM IST
തിരുവനന്തപുരം: പാൽ ഉത്പാദന ഇൻസെന്റീവ് പദ്ധതി സാക്ഷാത്കരിക്കുന്നതിനുള്ള ക്ഷീര കർഷക രജിസ്ട്രേഷൻ ഡ്രൈവ് സംസ്ഥാനത്ത് ഇന്നു മുതൽ തുടങ്ങും. 20 വരെ ആറു ദിവസം നീളുന്ന രജിസ്ട്രേഷൻ ഡ്രൈവ് ക്ഷീര സഹകരണ സംഘങ്ങളിലാണ് നടപ്പാക്കുന്നത്.
അക്ഷയ കേന്ദ്രങ്ങളിൽ നിന്നുള്ള സ്റ്റാഫ് ക്ഷീര സഹകരണ സംഘങ്ങളിലെത്തി പാലൊഴിക്കാൻ എത്തുന്ന ക്ഷീരകർഷകരുടെ രജിസ്ട്രേഷൻ അവിടെ വച്ച് തന്നെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ രണ്ടു ലക്ഷത്തോളം കർഷകരാണ് 3600 ഓളം ക്ഷീര സംഘങ്ങൾ മുഖേന പാൽ നൽകി വരുന്നത്. ക്ഷീര സഹകരണ മേഖലയ്ക്ക് പുറത്തുള്ള സംഘങ്ങളിൽ പാലൊഴിക്കാത്ത ക്ഷീരകർഷകരെയും പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.
ക്ഷീരവികസനവകുപ്പിന്റെ ക്ഷീരശ്രീ പോർട്ടലിൽ രജിസ്റ്റർ ചെയ്യുക വഴി ക്ഷീര കർഷകരുടെ സമഗ്ര ഡാറ്റാബേസ് തയ്യാറാക്കാനാകും. ക്ഷീര സഹകരണ സംഘങ്ങളെ കൂടാതെ ക്ഷീര വികസന ഓഫീസുകൾ വഴിയും മൊബൈൽ ഫോണിലൂടെ ksheerasree.kerala.gov.in എന്ന പോർട്ടൽ സന്ദർശിച്ച് രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കാനാകും. രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ക്ഷീര കർഷകരുടെ ഫോട്ടോ, ബാങ്ക് പാസ്ബുക്ക് പകർപ്പ് എന്നിവയും ആധാർ നന്പർ, റേഷൻ കാർഡ് നന്പർ എന്നിവ നൽകണം.