ഓപ്പറേഷൻ മൂൺ ലൈറ്റ്: ഹോട്ടലുകളിൽ ജിഎസ്ടി വകുപ്പിന്റെ പരിശോധന, 81.7 കോടിയുടെ വെട്ടിപ്പു കണ്ടെത്തി
Friday, July 1, 2022 1:52 AM IST
തിരുവനന്തപുരം: സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ ‘മൂൺലൈറ്റ്’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ 81.7 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പ് കണ്ടെത്തി.
ഇതിലൂടെ 4.08 കോടി രൂപയുടെ നികുതി നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായത്. 32 ഹോട്ടലുകളിൽ 29നു വൈകുന്നേരം 7.30ന് തുടങ്ങിയ പരിശോധന 30ന് രാവിലെ ആറിനാണു പൂർത്തിയായത്.
സംസ്ഥാനത്തെ ഹോട്ടലുകളിലും, റസ്റ്ററന്റുകളിലും വ്യാപകമായി ജിഎസ്ടി നികുതിവെട്ടിപ്പ് നടക്കുന്നു എന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഇൻവെസ്റ്റിഗേഷൻ വിഭാഗം രഹസ്യമായി നടത്തിയ അന്വേഷണത്തെ തുടർന്നാണ് 12 ജില്ലകളിലായി 32 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്.
പല സ്ഥാപനങ്ങളും വ്യാപാരത്തിന്റെ വിവരങ്ങൾ ഒരു ദിവസത്തിൽ കൂടുതൽ സ്ഥാപനങ്ങളിൽ സൂക്ഷിക്കാറില്ല എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരമാവധി ബില്ലുകൾ സ്ഥാപനത്തിൽനിന്നു ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഓപ്പറേഷൻ മൂൺലൈറ്റ്’ എന്ന പേരിൽ രാത്രികാല പരിശോധന നടത്തിയത്.