മകളെ പുഴയിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ
Sunday, October 17, 2021 12:51 AM IST
കൂത്തുപറമ്പ്: മൊകേരി പാത്തിപ്പാലത്ത് ഭാര്യയെയും ഒന്നര വയസുള്ള മകളെയും പുഴയിലേക്കു തള്ളിയിട്ട് മകൾ മരിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. പാട്യം പത്തായക്കുന്ന് കുപ്പിയാട്ടിൽ കെ.പി. ഷിജു (41) വിനെയാണ് കതിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. വെളളിയാഴ്ച രാത്രി ഏഴോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
പാത്തിപ്പാലം വള്ളിയായി റോഡിൽ വാട്ടർ ടാങ്കിനു സമീപത്തെ കോൺക്രീറ്റ് പാലത്തിനു മുകളിൽനിന്ന് ഭാര്യ സോന, ഏകമകൾ അൻവിത എന്നിവരെയാണ് ഷിജു പുഴയിലേക്കു തള്ളിയിട്ടത്. സോനയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ സംഭവസ്ഥലത്തിനു പത്തു മീറ്റർ അകലെനിന്ന് സോനയെ രക്ഷപ്പെടുത്തി. മകൾകൂടി പുഴയിലകപ്പെട്ടിട്ടുണ്ടെന്ന് സോന പറഞ്ഞതോടെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നു നടത്തിയ തെരച്ചിലിലാണ് അര കിലോമീറ്റർ അകലെനിന്ന് അൻവിതയുടെ മൃതദേഹം കണ്ടെത്തിയത്.
സോനയിൽനിന്നു പോലീസ് മൊഴിയെടുത്തപ്പോഴാണ് സംഭവം സംബന്ധിച്ച നിർണായക വിവരം ലഭിച്ചത്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ പുഴയിൽ വൻതോതിൽ വെള്ളം കയറിയിരുന്നു. പുഴ കാണിക്കാമെന്നു പറഞ്ഞാണ് ഭാര്യയെയും മകളെയും കൂട്ടി ബൈക്കിൽ ഷിജു ഇവിടെയെത്തിയത്. പാലത്തിനു മുകളിൽ വച്ച് മുണ്ട് മടക്കിക്കുത്തണമെന്നു പറഞ്ഞ് കൈയിലുണ്ടായിരുന്ന കുട്ടിയെ സോനയ്ക്കു കൈമാറുന്നതിനിടെ ഇരുവരെയും പുഴയിലേക്കു തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട ഷിജുവിനെ കണ്ടെത്താൻ പോലീസ് വ്യാപക തെരച്ചിൽ നടത്തിവരുന്നതിനിടെ ഇന്നലെ ഉച്ചയോടെ മട്ടന്നൂരിലെ മഹാദേവ ക്ഷേത്രക്കുളത്തിൽ ആത്മഹത്യാശ്രമത്തിനിടെ നാട്ടുകാർ പിടികൂടി മട്ടന്നൂർ പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് കതിരൂർ പോലീസിന് കൈമാറി. തലശേരി കോടതിയിലെ ജീവനക്കാരനാണ് ഷിജു.
കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നാണ് പോലീസിനു ലഭിച്ച സൂചന. ഇയാളെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
അതേസമയം, മരിച്ച അൻവിതയുടെ മൃതദേഹം പത്തായക്കുന്നിലെ വീട്ടിൽ എത്തിച്ചശേഷം ഇന്നലെ ഉച്ചകഴിഞ്ഞ് പൊന്ന്യം ചോയ്യോട്ടെ സോനയുടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.