നോക്കുകൂലി വാങ്ങില്ലെന്നു ചുമട്ടുതൊഴിലാളി യൂണിയനുകൾ
Friday, September 17, 2021 12:49 AM IST
തിരുവനന്തപുരം: നോക്കുകൂലി വാങ്ങില്ലെന്ന് ചുമട്ടുതൊഴിലാളി യൂണിയനുകളുടെ സംയുക്ത യോഗത്തിൽ തീരുമാനം. നിയമാനുസൃതമായി സർക്കാർ നിശ്ചയിച്ച കൂലി മാത്രമേ വാങ്ങൂ എന്നും തൊഴിലാളി യൂണിയനുകൾ വ്യക്തമാക്കി.
തെറ്റായ സന്പ്രദായങ്ങൾ അവസാനിപ്പിക്കാൻ ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേനയും കിലെയുടെ നേതൃത്വത്തിലും ജില്ലാ, പ്രാദേശിക തലങ്ങളിലും സ്ഥാപന അടിസ്ഥാനത്തിലും തൊഴിലാളികൾ ചെയ്യേണ്ട ജോലികളെ സംബന്ധിച്ച് അവരെ ബോധവത്കരിക്കാനുള്ള പരിപാടികൾ നടപ്പിലാക്കുമെന്നു മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
വർത്തമാനകാലത്തിൽ വന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് ചുമട്ടുതൊഴിലാളി നിയമത്തിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.