പൊതുമരാമത്ത് ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കും: മന്ത്രി മുഹമ്മദ് റിയാസ്
Tuesday, July 27, 2021 12:56 AM IST
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയിൽ കൈയേറ്റങ്ങൾ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു.
വികസനത്തിന് തടസമാകുന്ന തരത്തിലുള്ള ഇത്തരം കൈയേറ്റങ്ങൾ സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കാൻ എക്സിക്യൂട്ടീവ് എൻജിനിയർമാർക്കു നിർദേശം നൽകി. സർവേ വകുപ്പിന്റെ സഹായത്തോടെ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലങ്ങൾ അളന്നു തിട്ടപ്പെടുത്തും. തുടർന്ന് കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ നോട്ടീസ് നൽകും. കൂടാതെ, അതതു ജില്ലാ ഭരണകൂടത്തിന്റെയും പോലീസ്, റവന്യൂ വകുപ്പുകളുടെയും സഹായത്തോടെ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് സ്ഥലം തിരിച്ചു പിടിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും റോഡ് മുറിച്ചുള്ള പ്രവൃത്തികളുടെ ഏകോപനത്തിനായി റൈറ്റ് ഓഫ് വേ പോർട്ടൽ വിപുലീകരിക്കും. വിവിധ ആവശ്യങ്ങൾക്കായി മുറിക്കപ്പെടുന്ന റോഡിൽ സാങ്കേതിക മികവോടെയുള്ള അറ്റകുറ്റപ്പണികൾ ഉറപ്പാക്കാൻ പോർട്ടൽ സഹായകമാകും.
കുതിരാനിലെ ആദ്യ തുരങ്കം അടുത്തമാസം തന്നെ തുറക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.