ഒളിന്പിക്സിൽ പങ്കെടുക്കുന്ന മലയാളി താരങ്ങൾക്ക് അഞ്ചു ലക്ഷം വീതം അനുവദിച്ച് സംസ്ഥാന സർക്കാർ
Thursday, June 24, 2021 1:10 AM IST
തിരുവനന്തപുരം: ടോക്കിയോ ഒളിന്പിക്സിനു യോഗ്യത നേടിയ മലയാളി കായികതാരങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ അനുവദിച്ചു. ഒളിന്പിക്സ് യോഗ്യത നേടിയ 10 പേർക്കും പാരാലിന്പിക്സിന് യോഗ്യത നേടിയ സിദ്ധാർത്ഥ ബാബുവിനുമായി ആകെ 55 ലക്ഷം രൂപയാണ് അനുവദിച്ചത്. പരിശീലനത്തിനും അനുബന്ധ സൗകര്യങ്ങൾക്കുമായാണിത്.
കെ.ടി. ഇർഫാൻ, മുഹമ്മദ് അനസ്, വി.കെ. വിസ്മയ, ജിസ്ന മാത്യു, നേഹ നിർമൽ ടോം, എം. ശ്രീശങ്കർ, പി. ആർ. ശ്രീജേഷ്, പി.യു. ചിത്ര, എം.പി. ജാബിർ, യു. കാർത്തിക് എന്നിവർക്കാണ് തുക ലഭിക്കുക. ജൂലൈ 23 നാണ് ഒളിന്പിക്സിന് തുടക്കം കുറിക്കുക. അടുത്ത ദിവസങ്ങളിൽ പട്യാലയിൽ നടക്കുന്ന നാഷണൽ സീനിയർ മീറ്റിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ഒളിന്പിക്സ് യോഗ്യതയ്ക്ക് അവസരമുണ്ട്. 43 മലയാളിതാരങ്ങൾ നാഷണൽ മീറ്റിൽ പങ്കെടുക്കുന്നുണ്ട്.