ലക്ഷദ്വീപില്‍ ഒഴിപ്പിച്ചത് തീരമേഖലയിലെ അനധികൃത കൈയേറ്റങ്ങൾ: അഡ്മിനിസ്ട്രേഷന്
Tuesday, June 15, 2021 12:43 AM IST
കൊച്ചി: ലക്ഷദ്വീപില്‍ തീരമേഖലയിലെ അനധികൃത കൈയേറ്റങ്ങളാണ് ഒഴിപ്പിച്ചതെന്നും സ്വകാര്യ ഭൂമിയിലെ ഷെഡുകള്‍ പൊളിച്ചെന്ന ആരോപണം ശരിയല്ലെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് അധികൃതര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഇവിടെ തീരമേഖലയിലെ കുടിയൊഴിപ്പിക്കല്‍ തടയണമെന്ന ഹര്‍ജികളിലാണ് ഇക്കാര്യം വ്യക്തമാക്കി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അങ്കിത്കുമാര്‍ അഗര്‍വാള്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
മത്സ്യബന്ധനത്തിന്റെ പേരുപറഞ്ഞ് തീരം കൈവശപ്പെടുത്താനുള്ള നീക്കമാണു തടഞ്ഞതെന്നും അനധികൃത ഷെഡുകള്‍ മാത്രമാണു പൊളിച്ചു നീക്കിയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മത്സ്യബന്ധനത്തിന് സ്ഥലം നല്‍കുന്നതിനൊപ്പം ബീച്ചുകളുടെ സൗന്ദര്യവത്കരണം നടപ്പാക്കേണ്ടതുണ്ട്. കൈയേറ്റങ്ങള്‍ കാരണം ജനങ്ങള്‍ക്കു തീരത്തേക്കു പോകാന്‍ കഴിയാത്ത നിലയായിരുന്നു. ഇത്തരം ഷെഡുകളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തീരമേഖലയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഡെപ്യൂട്ടി കളക്ടറാണ് ഉത്തരവിട്ടത്. ഇതിനെതിരേ ആരും പരാതി നല്‍കിയിട്ടില്ല. ഒഴിപ്പിക്കുന്നതിനു മുമ്പ് പഞ്ചായത്തുകളുമായി ചര്‍ച്ച ചെയ്തില്ലെന്ന വാദത്തില്‍ കഴമ്പില്ല. സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനെക്കുറിച്ച് പഞ്ചായത്തുമായി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഹര്‍ജികള്‍ ജസ്റ്റീസ് വി.ജി. അരുണ്‍ അടുത്ത ദിവസം പരിഗണിക്കാന്‍ മാറ്റി.