ലോകായുക്ത ഉത്തരവിനെതിരായ ഹര്‍ജി തള്ളി; കെ.ടി. ജലീലിനു വീണ്ടും പ്രഹരം
Wednesday, April 21, 2021 12:39 AM IST
കൊച്ചി: ബന്ധുനിയമനത്തിന്റെ പേരില്‍, മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കണമെന്ന ലോകായുക്തയുടെ വിധി ചോദ്യംചെയ്തു മുന്‍ മന്ത്രി ഡോ. കെ.ടി. ജലീല്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കാതെ തള്ളി. ലോകായുക്ത അധികാരപരിധിക്കുള്ളില്‍ നിന്നാണു വിധി പറഞ്ഞതെന്നു വിലയിരുത്തിയാണ് ജസ്റ്റീസുമാരായ പി.ബി. സുരേഷ് കുമാര്‍, കെ. ബാബു എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ തീരുമാനം.
മുഖ്യമന്ത്രി മുതല്‍ പഞ്ചായത്തംഗങ്ങള്‍ വരെയുള്ള പൊതുസേവകര്‍ ലോകായുക്ത നിയമത്തിനു കീഴില്‍ വരുമെന്ന് കോടതി പറഞ്ഞു. പൊതുരംഗത്തെ അഴിമതിയില്ലാതാക്കുകയെന്നതാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. ലോകായുക്തയുടെ തീരുമാനം അന്തിമമാണ്. ഈ തീരുമാനത്തിലേക്കു നയിച്ച നടപടിക്രമങ്ങളില്‍ അപാകതയുണ്ടെങ്കില്‍ മാത്രമാണ് ജുഡീഷല്‍ പുനഃപരിശോധന സാധ്യമാവുക. സംസ്ഥാനത്തെ മാധ്യമങ്ങള്‍ ജാഗരൂകരായിട്ടും പൊതുവിഭവങ്ങളും പൊതുപദവികളും സ്വകാര്യനേട്ടത്തിനായി ദുരുപയോഗം ചെയ്യുന്നതു കൂടിവരികയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രാരംഭവാദങ്ങള്ക്കൊടുവില് ലോകായുക്തയുടെ നിരീക്ഷണങ്ങള്‍ ശരിവച്ചാണ് ഹര്‍ജി ഫയലില്‍ പോലും സ്വീകരിക്കാതെ ഡിവിഷന് ബെഞ്ച് തള്ളിയത്.
തന്റെ ബന്ധു കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് ജനറല്‍ മാനേജരായി നിയമിക്കാന്‍ പൊതുഭരണ വകുപ്പിന്റെ എതിര്‍പ്പുകള്‍ മറികടന്നു യോഗ്യതയില്‍ ഭേദഗതി വരുത്തിയതും ബന്ധുവിനെ ഡെപ്യൂട്ടേഷനില്‍ നിയമിച്ചതും കെ.ടി. ജലീലിന്റെ ഇടപെടലിനെത്തുടര്‍ന്നാണെന്ന് ലോകായുക്താ വിധിയിലെ 46-ാം ഖണ്ഡിക ഉദ്ധരിച്ച് ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി. യോഗ്യത ഭേദഗതി ചെയ്തതു ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ ആവശ്യപ്രകാരമല്ലെന്നും ജലീലിന്റെ ആശയമാണിതെന്നും വ്യക്തമാണ്. ജനറല്‍ മാനേജര്‍ പദവിയിലേക്ക് ഡെപ്യൂട്ടേഷനില്‍ നിയമിക്കണമെന്ന അദീബിന്റെ അപേക്ഷ കോര്പറേഷന് ബോര്‍ഡ് യോഗത്തില്‍ വയ്ക്കാതെ എംഡി നേരിട്ട് സര്‍ക്കാരിനു നല്‍കുകയായിരുന്നു. തുടര്‍ന്ന് ജലീലാണ് നിയമനത്തിന് ഉത്തരവിട്ടതെന്നും ഹൈക്കോടതി വിലയിരുത്തി.
മലപ്പുറം എടപ്പാള്‍ സ്വദേശി വി.കെ. മുഹമ്മദ് ഷാഫി നല്കിയ പരാതിയില്‍ കഴിഞ്ഞ ഒമ്പതിനാണ് ലോകായുക്ത വിധി പറഞ്ഞത്. ലോകായുക്തയുടെ വിധിക്കെതിരേ ജലീല്‍ നല്കിയ ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ 13നു പരിഗണിക്കുന്നതിനിടെ അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.