എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ തുടരും
Tuesday, April 20, 2021 12:34 AM IST
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കർശനമായ സുരക്ഷാ സംവിധാനങ്ങളോടെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മുൻനിശ്ചയപ്രകാരം തുടരുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
അധ്യാപക- അനധ്യാപക ജീവനക്കാരും വിദ്യാർഥികളും ട്രിപ്പിൾ ലെയർ മാസ്ക് ഉപയോഗിക്കണം. ഐആർ തെർമോമീറ്റർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കണം. സ്കൂൾ കാന്പസിൽ സാനിറ്റൈസറും സോപ്പും ഉറപ്പാക്കണം. കോവിഡ് പോസിറ്റീവായ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ പ്രത്യേകം സ്വീകരിച്ച് മൂല്യനിർണയ ക്യാന്പിലേക്ക് അയയ്ക്കും.
കോവിഡ് പോസിറ്റീവായ വിദ്യാർഥികൾ, ക്വാറന്റൈനിലുള്ള വിദ്യാർഥികൾ, ശരീരോഷ്മാവ് കൂടിയവർ എന്നിവർക്ക് പ്രത്യേകം ക്ലാസുകളിൽ പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണങ്ങൾ സ്കൂളുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
വിദ്യാർഥികൾക്കുള്ള ഗതാഗത സൗകര്യവും പ്രധാനാധ്യാപകർ ഉറപ്പാക്കണം. പരീക്ഷ കഴിഞ്ഞാലുടൻ ഹാളുകൾ സാനിറ്റൈസ് ചെയ്യണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറും പരീക്ഷാ കമ്മീഷണറും അറിയിച്ചു.