സംസ്ഥാനത്ത് കോവിഡ് വ്യാപനം തീവ്രമാകുന്നു ; നിയന്ത്രണങ്ങൾ കടുപ്പിക്കും
Monday, April 19, 2021 12:35 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമാകുന്നു. ഇന്നലെ 18,257 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന രോഗസ്ഥിരീകരണ നിരക്കാണ് ഇത്. തുടർച്ചയായ മൂന്നാം ദിവസമാണ് രോഗികളുടെ എണ്ണം പതിനായിരത്തിനു മുകളിലെത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,898 പേർക്ക് പരിശോധന നടത്തിയപ്പോൾ 16.77 ശതമാനം പേർക്ക് പോസിറ്റീവായി.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ കുറവുണ്ടായെങ്കിലും സംസ്ഥാനത്ത് രോഗവ്യാപനം അതിതീവ്രമാണെന്നാണ് വിലയിരുത്തൽ. ഇതോടെ വരുംദിവസങ്ങളിൽ കൂടുതൽ കർശന മായ നിയന്ത്രണങ്ങളിലേക്കു പോകാനുള്ള സാധ്യതയാണുള്ളത്. അതേസമയം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി സർക്കാർ എല്ലാ ജില്ലകൾക്കും അഞ്ചു കോടി രൂപ വീതം അനുവദിച്ച് ഉത്തരവായി.
കൂട്ടപ്പരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാന്പിളുകളാണ് ശേഖരിച്ചത്. ഇതിൽ 1,08,898 സാന്പിളുകൾ ഇന്നലെയും 81,211 സാന്പിളുകൾ കഴിഞ്ഞ ദിവസവും പരിശോധിച്ചു. ബാക്കിയുള്ള സാന്പിളുകളുടെ പരിശോധനാ ഫലം അടുത്ത ദിവസങ്ങളിൽ വരുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ഇന്നലെ 25 മരണംകൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ മരണം 4,929 ആയി. ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ട 16,762 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1159 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 67 ആരോഗ്യപ്രവർത്തകർക്കു കൂടി രോഗം ബാധിച്ചു. നിലവിൽ 93,686 പേരാണ് ചികിത്സയിലുള്ളത്.
എറണാകുളം, കോഴിക്കോട് ജില്ലകളിൽ തുടർച്ചയായ രണ്ടാം ദിവസവും രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം രണ്ടായിരം കടന്നു; മറ്റ് അഞ്ച് ജില്ലകളിൽ രോഗികളുടെ എണ്ണം ആയിരത്തിനു മുകളിലാണ്.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടത്: എറണാകുളം-2835, കോഴിക്കോട്-2560, തൃശൂർ-1780, കോട്ടയം-1703, മലപ്പുറം-1677, കണ്ണൂർ-1451, പാലക്കാട്-1077, തിരുവനന്തപുരം-990, കൊല്ലം-802, ആലപ്പുഴ-800, ഇടുക്കി-682, പത്തനംതിട്ട-673, കാസർഗോഡ്-622, വയനാട്-605.