സുരേഷ് ഗോപിയോ ശ്രീധരനോ വേണമെന്ന് തൃശൂരിലെ നേതാക്കൾ
Sunday, February 28, 2021 12:52 AM IST
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങൾ നിർദേശിക്കുന്ന സ്ഥാനാർഥിയെ നിർത്തിയാൽ തൃശൂർ നിയോജകമണ്ഡലം പിടിക്കാനാകുമെന്നു ബിജെപി ജില്ലാ നേതാക്കൾ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ അറിയിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി തൃശൂർ മണ്ഡലത്തിലടക്കം വൻ ചലനം സൃഷ്ടിച്ചതു ചൂണ്ടിക്കാട്ടിയാണ് ഇത്തവണയും വിജയിക്കാൻ കഴിയുന്ന സ്ഥാനാർഥികളെ നിർത്തണമെന്ന ആവശ്യമുന്നയിച്ചിരിക്കുന്നത്.
സുരേഷ് ഗോപിയെ മത്സരിപ്പിച്ചാൽ തൃശൂർ സീറ്റ് പിടിക്കാനാകുമെന്നു മാത്രമല്ല, ജില്ലയിലെ മറ്റു മണ്ഡലങ്ങളിലും ഇതിന്റെ അലയൊലികൾ ഉണ്ടാകുമെന്നും കൂടുതൽ സീറ്റുകൾ നേടാൻ വഴിയൊരുക്കുമെന്നും നേതാക്കൾ പറഞ്ഞു.
എന്നാൽ, സുരേഷ് ഗോപിക്കു തൃശൂരിൽ മത്സരിക്കാൻ താത്പര്യമുണ്ടോയെന്നതു സംബന്ധിച്ച് ചർച്ച നടത്താതെ തീരുമാനിക്കാനാകില്ലെന്നായിരുന്നു സുരേന്ദ്രന്റെ നിലപാട്. സുരേഷ് ഗോപിയെ തിരുവനന്തപുരത്തു മത്സരിപ്പിക്കാനുള്ള നീക്കങ്ങളും ബിജെപി നടത്തുന്നുണ്ട്. അതിനാൽ തൃശൂരിലെ കാര്യം പിന്നീടു തീരുമാനിക്കാമെന്നാണ് ചർച്ചയിലെ ധാരണ.
സുരേഷ് ഗോപി ഇല്ലെങ്കിൽ മെട്രോമാൻ ശ്രീധരനെ നിർത്തണമെന്നും അഭിപ്രായമുയർന്നിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നിയോജകമണ്ഡലങ്ങളിലുണ്ടായ സ്വാധീനം ജില്ലയിലെ ബിജെപി പ്രവർത്തകരുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ടെന്നു സംസ്ഥാന പ്രസിഡന്റിനെ ബോധ്യപ്പെടുത്തി. അതിനാൽ സീറ്റുചർച്ചകൾ നടത്തുമ്പോൾ ഇത്തരം കാര്യങ്ങൾ കൂടി പരിഗണിച്ചാൽ കൂടുതൽ സീറ്റുകൾ ലഭ്യമാകുമെന്നും സൂചിപ്പിച്ചു.
മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെയും ജില്ലയിൽ മത്സരിപ്പിക്കാൻ ധാരണയായിട്ടുണ്ട്. അന്തിമ തീരുമാനം അടുത്തയാഴ്ചതന്നെ ഉണ്ടാകുമെന്നാണ് കെ. സുരേന്ദ്രൻ അറിയിച്ചത്.