പുനർമൂല്യനിർണയത്തിന്റെ മാർക്ക് ലിസ്റ്റ് പത്തു ദിവസത്തിനകം നൽകണമെന്ന് ബാലാവകാശ കമ്മീഷൻ
Sunday, January 24, 2021 12:12 AM IST
തിരുവനന്തപുരം: ഹയർ സെക്കൻഡറി പുനർമൂല്യനിർണയത്തിൽ മാർക്ക് വ്യത്യാസമുള്ള വിദ്യാർഥികൾക്ക് പഴയ മാർക്ക് ലിസ്റ്റ് സമർപ്പിച്ച് 10 ദിവസത്തിനകം പുതിയതു നൽകണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവായി.
പഴയ മാർക്ക് ലിസ്റ്റ് സ്കൂൾ പ്രിൻസിപ്പൽ മുന്പാകെ ഹാജരാക്കുന്ന കുട്ടികൾക്ക് എത്രയും പെട്ടെന്ന് പുതിയ മാർക്ക് ലിസ്റ്റ് ലഭ്യമാക്കണം. നിലവിൽ പഴയ മാർക്ക് ലിസ്റ്റ് പ്രിൻസിപ്പലിന്റെ ഒപ്പും സീലും രേഖപ്പെടുത്തി ഡയറക്ടറേറ്റിലാണ് സമർപ്പിക്കേണ്ടത്. ഇതുവഴി പുതിയ മാർക്ക് ചേർത്തു കിട്ടുന്നതിനുള്ള കാലതാമസം കാരണം പല കുട്ടികൾക്കും ഉപരിപഠനത്തിനു പ്രവേശനം കിട്ടാതെ പോകുന്നു. ഇതനുസരിച്ച് പരീക്ഷ വിജ്ഞാപനം പരിഷ്കരിക്കുന്നതിന് പൊതു വിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ അംഗം കെ. നസീർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
നിലവിലുള്ള ഹയർ സെക്കൻഡറി പരീക്ഷ വിജ്ഞാപനം അനുസരിച്ച് പുനർമൂല്യനിർണയത്തിന്റെ ഫലം പ്രസിദ്ധീകരിച്ച് ഒരു മാസത്തിനകം മാർക്ക് വ്യത്യാസമുള്ള വിദ്യാർഥികൾ പുതിയ മാർക്ക് ലിസ്റ്റിന് അപേക്ഷിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.