2008നു ശേഷം വാങ്ങിയ വയൽ നികത്താനാകില്ല: ഹൈക്കോടതി
Sunday, September 27, 2020 12:48 AM IST
കൊച്ചി: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വരുമ്പോള്‍ നിലമുടമയായ വ്യക്തിക്കു മാത്രമാണ് നിശ്ചിതയളവില്‍ വയല്‍ നികത്തി വീടുവയ്ക്കാന്‍ അനുവാദമുള്ളതെന്ന് ഹൈക്കോടതി വ്യക്തമാക്കി. 2008ല്‍ നിയമം നിലവില്‍ വന്നശേഷം നിലം വില്ക്കുമ്പോള് നിശ്ചിത അളവില്‍ നികത്തി വീടു വയ്ക്കാനുള്ള അവകാശം കൂടി കൈമാറില്ലെന്നും ഇതനുവദിക്കുന്നത് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കു വിരുദ്ധമാണെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ പറയുന്നു.
2008ല്‍ നിയമം നിലവില്‍ വരുമ്പോള്‍ വീടുവയ്ക്കാന്‍ മറ്റു സ്ഥലമില്ലാത്തവര്‍ക്കു വീടു വയ്ക്കാനാണ് ഇത്തരമൊരു ഇളവു നല്‍കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ നിയമം വന്നശേഷം നിലം വാങ്ങിയവര്‍ക്ക് വീടു വയ്ക്കാനാണെങ്കില്‍ പോലും ഇത്തരത്തില്‍ ഇളവു നല്കാന് കഴിയില്ല. ഇതനുവദിച്ചാല്‍ നിലമുടമ സ്ഥലം മുറിച്ചുവിറ്റാല്‍ വാങ്ങുന്ന ഓരോരുത്തര്‍ക്കും ഇത്തരത്തില്‍ വീടുവയ്ക്കാനായി നിലം നികത്താന്‍ അനുവദിക്കേണ്ടി വരും. പാലക്കാട് നൂറണി സ്വദേശി ആര്. സുധീഷ് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.