ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പുയർന്നു
Tuesday, September 22, 2020 1:12 AM IST
തൊടുപുഴ: മഴ ശക്തമായതോടെ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പുയർന്നു. ഇന്നലെ രാത്രി ഏഴിലെ കണക്കനുസരിച്ച് 2382.68 അടിയാണ് ജലനിരപ്പ്.
കഴിഞ്ഞവർഷം ഇതേ ദിവസത്തെക്കാൾ ആറടിയോളം വെള്ളം കൂടുതലാണിത്. കഴിഞ്ഞ ഒരുദിവസത്തിനിടെ രണ്ടടി വെള്ളം ഉയർന്നു. നിലവിലെ റൂൾകേർവ് പ്രകാരം 2395.21 അടി വരെ വെള്ളം സംഭരിക്കാനാകും.കഴിഞ്ഞ 24 മണിക്കൂറിനിടെ പദ്ധതി പ്രദേശത്ത് 74.6 മില്ലിമീറ്റർ മഴ പെയ്തു. ഈ മാസം ഇതുവരെ 257.4 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം അണക്കെട്ടിൽ ഒഴുകിയെത്തി. മുല്ലപ്പെരിയാറിൽ 126.75 അടിയാണ് ജലനിരപ്പ്. ഒരു ദിവസത്തിനുള്ളിൽ ഒരടിവെള്ളം ഉയർന്നു.
പെരിയാറിൽ 5.84 സെന്റീമീറ്ററും തേക്കടിയിൽ 3.72 സെന്റീമീറ്ററും മഴ ലഭിച്ചു. സെക്കന്റിൽ 3777.36 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്പോൾ 1402.36 ഘനയടി വീതം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.