1970 ബാച്ചുകാരിൽ ഇപ്പോഴും ആ മൂന്നു പേർ
Thursday, September 17, 2020 12:21 AM IST
ഉമ്മൻ ചാണ്ടി നിയമസഭയിലെത്തി അമ്പതാണ്ടു തികയുമ്പോൾ 1970 ലെ തെരഞ്ഞെടുപ്പിലൂടെ അരങ്ങേറിയ രണ്ടു പേർ കൂടി ഇപ്പോഴത്തെ നിയമസഭയിലുണ്ട്. രണ്ടു പേരും കേരള രാഷ്ട്രീയത്തിൽ തലയെടുപ്പോടെ നിൽക്കുന്നവർ.
ഒരാൾ മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്തയാൾ പി.ജെ. ജോസഫ്. ഉമ്മൻ ചാണ്ടി 1970 മുതൽ ഇതുവരെ നടന്ന പതിനൊന്നു തെരഞ്ഞെടുപ്പുകളിലും പുതുപ്പള്ളിയെ പ്രതിനിധീകരിച്ചെങ്കിൽ പി.ജെ. ജോസഫ് ഇത് ഒമ്പതാം തവണയാണ് തൊടുപുഴയെ പ്രതിനിധീകരിക്കുന്നത്. പിണറായി വിജയനാകട്ടെ അഞ്ചാം തവണയാണ് നിയമസഭാംഗമാകുന്നത്.
ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായിരുന്ന റിക്കാർഡ് കെ.എം. മാണിക്കാണ്. അദ്ദേഹം 18,728 ദിവസം നിയമസഭാംഗമായിരുന്നു. തൊട്ടു പിന്നിൽ ഉമ്മൻ ചാണ്ടിയുണ്ട്. ഇന്നു വരെ 18,045 ദിവസം. ഏറ്റവും കൂടുതൽ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിച്ച റിക്കാർഡും കെ.എം. മാണിക്കാണ്. അദ്ദേഹം 13 തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചു. എന്നാൽ 1965ൽ നിയമസഭ സമ്മേളിക്കാത്തതിനാൽ അതു കണക്കിൽ പെടില്ല.
കോണ്‍ഗ്രസിൽ യുവതലമുറ ഇരച്ചുകയറിവന്ന കാലഘട്ടത്തിൽ ഉമ്മൻ ചാണ്ടിക്കൊപ്പം 1970ലെ തെരഞ്ഞെടുപ്പിലൂടെ അരങ്ങേറ്റം കുറിച്ചവരിൽ എ.കെ. ആന്റണിയുമുണ്ട്. അദ്ദേഹം മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞപ്പോഴായിരുന്നു ഉമ്മൻ ചാണ്ടി ആദ്യമായി മുഖ്യമന്ത്രിക്കസേരയിലെത്തിയത്.
ഉമ്മൻ ചാണ്ടി 11/11
എതിരാളികൾ മാറിവന്നു കൊണ്ടിരുന്നു. പക്ഷേ 1970 മുതൽ പുതുപ്പള്ളിയുടെ ജനപ്രതിനിധിക്കു മാറ്റമുണ്ടായില്ല. ആ തേരോട്ടം അരനൂറ്റാണ്ടു പിന്നിടുമ്പോൾ ഉമ്മൻ ചാണ്ടിയുടെ തെരഞ്ഞെടുപ്പു വിജയങ്ങളിലേക്ക് ഒരു എത്തിനോട്ടം
1970- യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെ കന്നിയങ്കം. സെപ്റ്റംബർ 17നു നടന്ന തെരഞ്ഞെടുപ്പിൽ 27കാരനായ ഉമ്മൻ ചാണ്ടി മുമ്പു രണ്ടു തവണ ജയിച്ചിട്ടുള്ള സിപിഎമ്മിലെ സിറ്റിംഗ് എംഎൽഎ ഇ.എം. ജോർജിനെ 7,288 വോട്ടുകൾക്ക് തോൽപ്പിച്ചു.
1977-അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ജനതാ പാർട്ടിയിലെ പി.സി. ചെറിയാനെ 15,910 വോട്ടുകൾക്കു പരാജയപ്പെടുത്തി. കരുണാകരൻ മന്ത്രിസഭയിൽ 33-ാം വയസിൽ തൊഴിൽ മന്ത്രിയായി.
രാജൻ കേസിലെ കോടതിവിധിയെ തുടർന്ന് കരുണാകരൻ 1978 ഏപ്രിൽ 25ന് രാജിവച്ചതോടെ എ.കെ. ആന്റണി മുഖ്യമന്ത്രിയായി. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തുടർന്നു.
1978- ഒക്ടോബർ 27ന് ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനേത്തുടർന്ന് പി.കെ. വാസുദേവൻ നായരുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ രൂപീകരിച്ചെങ്കിലും ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് മന്ത്രിമാർ തുടർന്നില്ല. പിന്നീട്, സി.എച്ച്. മുഹമ്മദ് കോയയുടെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിച്ചെങ്കിലും കോണ്‍ഗ്രസ് പുറത്തുനിന്നു പിന്തുണയ്ക്കുകയായിരുന്നു.
1980 -ഇടതുമുന്നണി സ്ഥാനാർഥിയായിട്ടായിരുന്നു മൂന്നാം ജയം. എം.ആർ.ജി. പണിക്കരെ 13,659 വോട്ടുകൾക്കു പരാജയപ്പെടുത്തി. നായനാർ സർക്കാർ നിലംപൊത്തിയ ശേഷം കെ. കരുണാകരന്റെ നേതൃത്വത്തിൽ 1981 ഡിസംബർ 28ന് രൂപീകരിച്ച മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായി. ലോനപ്പൻ നമ്പാടൻ കൂറുമാറിയതിനെ തുടർന്ന് കെ. കരുണാകരൻ മന്ത്രിസഭ 80 ദിവസം കഴിഞ്ഞപ്പോൾ രാജിവച്ചു.
1982-സ്വതന്ത്രസ്ഥാനാർഥി തോമസ് രാജനെ 15,983 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി നാലാം ജയം. കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. 1982 ഡിസംബർ 13ന് ഇരുകോണ്ഗ്രസുകളും ലയിച്ചതിനെ തുടർന്ന് കെ. കരുണാകരൻ നിയമസഭാ കക്ഷിനേതാവും ഉമ്മൻ ചാണ്ടി ഉപനേതാവുമായി. പിന്നീട് യുഡിഎഫ് കണ്‍വീനറുമായി. പ്രതിച്ഛായ ചർച്ചയ്ക്കൊടുവിൽ മന്ത്രിമാരുടെ മാറ്റത്തിൽ അതൃപ്തി രേഖപ്പെടുത്തി യുഡിഎഫ് കണ്‍വീനർ സ്ഥാനം ഒഴിഞ്ഞു.
1987-സിപിഎമ്മിലെ വി.എൻ. വാസവനെ 9,164 വോട്ടിന്റെ വ്യത്യാസത്തിൽ മറികടന്ന് അഞ്ചാം ജയം.
1991- എതിരാളി സിപിഎമ്മിലെ വി.എൻ. വാസവൻ തന്നെ. 13,811 വോട്ടിനു പരാജയപ്പെടുത്തി. 1991 ജൂണ്‍ 24ന് കരുണാകരൻ മന്ത്രിസഭയിൽ ധനമന്ത്രി.
എം.എ. കുട്ടപ്പന് രാജ്യസഭാ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് 1994 ജൂണ്‍ 16ന് മന്ത്രിസ്ഥാനം രാജിവച്ചു. കരുണാകരൻ രാജിവച്ചതിനെ തുടർന്ന് ആന്റണി മന്ത്രിസഭ വന്നെങ്കിലും മന്ത്രിസഭയിൽ ചേർന്നില്ല.
1996-സിപിഎമ്മിലെ റെജി സഖറിയയെ 10,155 വോട്ടിനു പരാജയപ്പെടുത്തി ഏഴാം ജയം.
2001 -ഇത്തവണ കോണ്‍ഗ്രസ് വിട്ടു വന്ന ചെറിയാൻ ഫിലിപ്പിനായിരുന്നു ഉമ്മൻ ചാണ്ടിയോട് ഏറ്റുമുട്ടാനുള്ള നിയോഗം. 12,575 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം. ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് എ.കെ. ആന്റണി രാജിവച്ചതിനെ തുടർന്ന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി.
2006 -സിപിഎമ്മിലെ സിന്ധു ജോയിയെ 9,863 വോട്ടിന് പരാജയപ്പെടുത്തി. ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവ്.
2011- സുജ സൂസൻ ജോർജിനെ 33,255 വോട്ടിന്റെ വ്യത്യാസത്തിൽ പരാജയപ്പെടുത്തി. രണ്ടാം തവണയും മുഖ്യമന്ത്രി.
2016-എസ്എഫ്ഐ നേതാവ് ജയ്ക്ക് സി. തോമസിനെ 27,092 വോട്ടിനു പരാജയപ്പെടുത്തി പതിനൊന്നാം തവണയും നിയമസഭയിൽ. പദവികളില്ലാതെ എംഎൽഎ മാത്രമായി ഒരിക്കൽ കൂടി.
വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുമ്പോഴും ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിക്കോട്ട പിടിച്ചെടുക്കാമെന്ന് എതിരാളികൾക്കു പ്രതീക്ഷയില്ല.