സ്വർണക്കടത്ത് കേസ്: ശിവശങ്കറിന്റെ ഫ്ളാറ്റിലും സന്ദീപിന്റെ വീട്ടിലും റെയ്ഡ്
Sunday, July 12, 2020 12:40 AM IST
തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായി അടുത്തബന്ധം പുലർത്തിയ മുൻ ഐടി സെക്രട്ടറി എം. ശിവശങ്കറിന്റെ സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്ളാറ്റിലും കേസിലെ പ്രതി സന്ദീപ് നായരുടെ നെടുമങ്ങാടുള്ള വീട്ടിലും കസ്റ്റംസ് അന്വേഷണ സംഘം പരിശോധന നടത്തി. സന്ദീപ് നായരുടെ വീട്ടിൽ നിന്നും സ്വർണം കടത്തിയ അഞ്ചു ക്യാരി ബാഗുകൾ കണ്ടെത്തിയതായാണു സൂചന.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ ശിവശങ്കർ വാടകയ്ക്കെടുത്ത സെക്രട്ടേറിയറ്റിനു സമീപത്തെ പുന്നൻ റോഡ് ഹെദർ ടവറിലെ എഫ്- ആറ് ഫ്ളാറ്റിലാണു കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. സന്ദർശക രജിസ്റ്ററും കാമറ ദൃശ്യങ്ങളും ശേഖരിച്ചു. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് പൂർണമായ ദൃശ്യങ്ങൾ ശേഖരിച്ചത്.
ഇന്നലെ രാവിലെ വീണ്ടുമെത്തിയ കസ്റ്റംസ് സംഘം ഫ്ളാറ്റിന്റെ സുരക്ഷാ ജീവനക്കാരെ മൊഴിയെടുക്കാനായി കൊണ്ടുപോയി. സെക്രട്ടേറിയറ്റിനു പിറകിലെ ജിഎസ്ടി കമ്മീഷണറുടെ കാര്യാലയത്തിൽ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറിന് വൈകുന്നേരമാണു ശിവശങ്കർ അവസാനമായി ഫ്ളാറ്റിൽ എത്തിയതെന്ന് സുരക്ഷാ ജീവനക്കാരൻ പറഞ്ഞു. രാത്രി ഏറെ വൈകിയാണ് മിക്കപ്പോഴും ഫ്ളാറ്റിൽ എത്തിയിരുന്നത്. രാത്രി ഒരുമണിക്ക് വരികയും രാവിലെ പോകുകയും ചെയ്യും. താൻ അടുത്തിടെയാണ് ഇവിടെ ജോലിക്ക് എത്തിയതെന്നും മൊഴി നൽകി.