മഹാമാരിയെ പ്രതിരോധിക്കാൻ പ്ലാസ്മ നൽകി ഒരു പറ്റം കോവിഡ് വിമുക്തർ
Sunday, July 12, 2020 12:25 AM IST
മലപ്പുറം: കോവിഡ് മഹാമാരിയോടു പോരാടുന്ന നാടിനൊപ്പം പ്രതിരോധപ്രവർത്തനങ്ങൾക്കു ഊർജം പകരുകയാണ് കോവിഡ് വിമുക്തരായ ഒരു കൂട്ടം ചെറുപ്പക്കാർ.
കോവിഡ് രോഗികൾക്കുള്ള പ്ലാസ്മ തെറാപ്പിക്കായി പ്ലാസ്മ നൽകാനാണ് ഇവർ സ്വയം സന്നദ്ധരായി മുന്നിട്ടിറങ്ങിയത്. മഞ്ചേരി മെഡിക്കൽ കോളജിലെ വിദഗ്ധ ചികിത്സയ്ക്കു ശേഷം കോവിഡ് ഭേദമായ 22 പേരാണ് ഇന്നലെ രാവിലെ വീണ്ടും ആശുപത്രിയിലേക്കു തിരിച്ചുവന്നത്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവർക്കു തങ്ങളാൽ കഴിയുന്ന സഹായം ചെയ്യുന്നതിന്റെ ചാരിതാർഥ്യത്തോടെ സാമൂഹിക അകലം പാലിച്ച് അവർ ഒത്തുചേർന്നു. പ്ലാസ്മ നൽകുന്നതിലൂടെ കോവിഡ് രോഗികളുടെ ജീവൻ രക്ഷിക്കാനാകുന്നതിൽ സന്തോഷമുണ്ടെന്നും അവർ പ്രതികരിച്ചു.
കോവിഡ് രോഗാണുവിനെതിരായ ആന്റിബോഡി കോവിഡ് വിമുക്തരുടെ പ്ലാസ്മയിൽ നിന്നു ലഭ്യമാകും. കോവിഡ് ഭേദമായി 14 ദിവസം മുതൽ നാലു മാസം വരെയുള്ള കാലയളവിലാണ് ഒരു വ്യക്തിയിൽനിന്നു പ്ലാസ്മ ശേഖരിക്കുന്നത്. ഇതു ഒരു വർഷംവരെ സൂക്ഷിച്ചുവയ്ക്കാൻ സാധിക്കും. പതിനെട്ടിനും അന്പതിനും ഇടയിൽ പ്രായമുള്ള 55 കിലോയിലധികം ഭാരമുള്ള കോവിഡ് വിമുക്തരിൽ നിന്നാണ് പ്ലാസ്മ ശേഖരിക്കുന്നത്.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തെ ഫലപ്രദമായി നേരിടാനാണ് മുന്നൊരുക്കം നടത്തുന്നതെന്ന് കോവിഡ് നോഡൽ ഓഫീസർ ഡോ.ഷിനാസ് ബാബു പറഞ്ഞു.