നിരോധനം ലംഘിച്ചു; ഈരാറ്റുപേട്ടയിൽ 23 പേർ അറസ്റ്റിൽ
Saturday, April 4, 2020 12:20 AM IST
ഈരാറ്റുപേട്ട: കോവിഡ് പടരുന്ന സാഹചര്യത്തിൽ ആളുകൾ ഒത്തുകൂടരുതെന്ന നിർദേശം ലംഘിച്ചു ജുമാ നമസ്കാരത്തിനായി സംഘടിച്ച 23 പേരെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടയ്ക്കലുള്ള സ്കൂളിലാണ് ഇവർ ഒത്തുകൂടിയത്. സ്കൂൾ പ്രിൻസിപ്പൽ, മാനേജർ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടും. അടച്ചിട്ട ക്ലാസ് മുറിക്കുള്ളിലായിരുന്നു നിസ്കാരം നടത്തിയത്. രഹസ്യവിവരത്തെത്തുടർന്നാണു പോലീസ് സ്ഥലത്തെത്തിയത്.
ഈരാറ്റുപേട്ടയിൽനിന്നു തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ആറു പേരുള്ള സാഹചര്യത്തിൽ വീണ്ടും ആളുകൾ ചേരുന്നതിനെ ആശങ്കയോടെ ആരോഗ്യപ്രവർത്തകരും നോക്കിക്കാണുന്നത്. സമ്മേളനത്തിൽ പങ്കെടുത്തവർക്കു നിലവിൽ രോഗലക്ഷണങ്ങളൊന്നുമില്ല. ഇവരെ തുടർ പരിശോധനകൾക്കു വിധേയരാക്കി വരികയാണ്. രണ്ടു വർഷം തടവും 10,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടേയ്ക്കും.