സർക്കാർ ഉത്തരവ് പുനഃപരിശോധിക്കണം: എൻഎസ്എസ്
Friday, April 3, 2020 12:10 AM IST
ചങ്ങനാശേരി: എയ്ഡഡ്, ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ആഴ്ചയിൽ 16 മണിക്കൂർ ജോലിയുണ്ടെങ്കിലേ അധ്യാപക തസ്തിക അനുവദിക്കാവൂ എന്ന സംസ്ഥാന സർക്കാർ ഉത്തരവ് പുനഃപരിശോധിക്കണമെന്നും അല്ലാത്ത പക്ഷം ഇതിനെതിരേ നിലപാടു സ്വീകരിക്കേണ്ടിവരുമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.
നിലവിൽ ഒൻപതു മണിക്കൂറിൽ കൂടുതൽ ജോലിഭാരം ഉണ്ടെങ്കിൽ തസ്തിക സൃഷ്ടിക്കാമെന്നും ഒരു പിജി കോഴ്സിനു കുറഞ്ഞത് അഞ്ച് അധ്യാപകരെ നിയമിക്കാമെന്നും വ്യവസ്ഥയുണ്ട്. പുതിയ ഉത്തരവനുസരിച്ച് ഒരു പിജി കോഴ്സിന് അധ്യാപകരുടെ എണ്ണം അഞ്ചിൽനിന്നു മൂന്നാകും.
നിലവിലുള്ള രീതി തുടരുകയാണെങ്കിൽ കൂടുതൽ സാന്പത്തിക ബാധ്യത വരുമെന്നാണ് സർക്കാരിന്റെ വാദം. നിലവിലുള്ള നിയമപ്രകാരം 16 മണിക്കൂർ ജോലിയില്ലാത്ത തസ്തികയിൽ നിയമിക്കപ്പെട്ടിട്ടുള്ള അധ്യാപകരുടെ നിയമനം അംഗീകരിച്ചു കിട്ടിയിട്ടുണ്ടെങ്കിൽ അവരെ സൂപ്പർ ന്യൂമററി ആയി കരുതുമെന്നും ഉത്തരവിൽ പറയുന്നു.
ഇത്തരം അധ്യാപകർ വിരമിക്കുകയോ ജോലി രാജിവയ്ക്കുകയോ മറ്റേതെങ്കിലും രീതിയിൽ തസ്തിക ഒഴിവുവരികയോ ചെയ്താൽ അത്തരം സ്ഥിരം തസ്തിക അതോടെ ഇല്ലാതാകുമെന്നും ഉത്തരവിൽ പറയുന്നു. ഈ ഉത്തരവിന് 2018 മേയ് ഒന്പതു മുതൽ മുൻകാല പ്രാബല്യവും നല്കിയിരിക്കുകയാണ്.
ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനു നമ്മുടെ സംസ്ഥാനത്തു വർഷങ്ങളായി നടന്നുവരുന്ന നിയമനരീതിക്കാണ് ഇത്തരം ഒരു മാറ്റം വരുത്തിയിരിക്കുന്നതെന്നും ഇതു നമ്മുടെ കോളജുകളുടെ അധ്യയന നിലവാരത്തെയും നിലനില്പിനെത്തന്നെയും സാരമായി ബാധിക്കുമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ചൂണ്ടിക്കാട്ടി.