കെ.സി. ജോസഫ് എംഎൽഎ സ്വയം നിരീക്ഷണത്തിൽ
Sunday, March 29, 2020 12:39 AM IST
തിരുവനന്തപുരം: കൊവിഡ് 19 സ്ഥിരീകരിച്ച ഇടുക്കിയിലെ പൊതുപ്രവർത്തകനുമായി അടുത്തിടപഴകിയ മുതിർന്ന കോണ്ഗ്രസ് നേതാവും ഇരിക്കൂർ എംഎൽഎയുമായ കെ.സി. ജോസഫ് സ്വയം നിരീക്ഷണത്തിൽ പോയി. കോട്ടയത്തെ വീട്ടിലാണ് അദ്ദേഹം ഇപ്പോൾ.
ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ എംഎൽഎ ഹോസ്റ്റലിൽ എത്തിയപ്പോൾ കെ.സി. ജോസഫിന്റെ മുറിയിലും പോയിരുന്നു. കെ.സി. ജോസഫുമായി ഏറെ നേരം ചെലവഴിക്കുകയും ചെയ്തിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് അദ്ദേഹം സ്വയം നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്. ഈ മാസം 11 നായിരുന്നു ഇടുക്കി സ്വദേശിയായ പൊതുപ്രവർത്തകൻ തിരുവനന്തപുരത്തെത്തി കെ.സി. ജോസഫിനെ കണ്ടത്. രണ്ടാഴ്ച കഴിഞ്ഞതിനാൽ വൈറസ് ബാധയ്ക്കു സാധ്യതയില്ലെന്നു ഡോക്ടർമാർ അറിയിച്ചെങ്കിലും സ്വയം നിരീക്ഷണത്തിൽ കഴിയാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.