മലബാർ ഗോൾഡിന് എക്സലൻസ് ആൻഡ് സ്റ്റോർ അവാർഡ്
Saturday, February 29, 2020 12:49 AM IST
കൊച്ചി: ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സിൽ (ജിജെസി) ദേശീയ തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള നാഷണൽ ജ്വല്ലറി അവാർഡിന്റെ (എൻജെഎ) ഒന്‍പതാം പതിപ്പിൽ ദക്ഷിണേന്ത്യക്കായുള്ള സിംഗിൾ സ്റ്റോർ വിഭാഗത്തിൽ മലബാർ ഗോൾഡ് എക്സലൻസ് ആൻഡ് സ്റ്റോർ അവാർഡ് കരസ്ഥമാക്കി. സിഎസ്ആർ വിഭാഗത്തിലും മലബാർ ഗോൾഡ് അവാർഡ് നേടി.
ദേശീയ ജ്വല്ലറി അവാർഡിന്റെ (എൻജെഎ) ഒന്‍പതാം പതിപ്പിനോടനുബന്ധിച്ച് എട്ടു വിഭാഗത്തിലായി 35 അവാർഡുകളാണ് കൗണ്‍സിൽ പ്രഖ്യാപിച്ചത്. ഉത്തർപ്രദേശിലെ കാണ്‍പൂരിൽനിന്നുള്ള പിബി സൊസൈറ്റി ജ്വല്ലേഴ്സിലെ മഹേഷ് ജെയിനിനെ അൻമോൽ രത്ന അവാർഡിനു തെരഞ്ഞെടുക്കപ്പെട്ടു.
ജെ ഓഫ് ദി ഈയർ അവാർഡുകൾക്ക് ഡൽഹിയിലെ ഭോല സണ്‍സ് ജ്വല്ലേഴ്സിലെ സുഭാഷ് ഭോലയും (നോർത്ത്), പൂനയിലെ ചന്ദുകാക സരഫിലെ അതുൽ ജെ. ഷായും (വെസ്റ്റ്), കോൽക്കൊത്തയിലെ നെമിചന്ദ് ബാമൽവാ ആൻഡ് സണ്‍സിലെ മദൻലാൽ ബാമൽവായും (ഈസ്റ്റ്), സേലത്തെ എഎൻഎസ് ജ്വല്ലറി ഉടമ എ.എസ്. ശ്രീറാം (സൗത്ത്) എന്നിവരെയും തെരഞ്ഞെടുത്തു. വനിതാ സംരംഭക അവാർഡ് അമൃത്്സറിലെ ഖുരാന ജ്വല്ലേഴ്സിലെ പ്രേരണ ഖുരാനയ്ക്കാണ്. സഞ്ജിഹ് ഡേയ്ക്കാണ് ഡിസൈനർ അവാർഡ്. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ജെമ്മോളജിയിലെ 10 വിദ്യാർഥികൾ ഒരു ലക്ഷം രൂപ വീതമുള്ള 10 സ്കോളർഷിപ്പുകൾക്ക് അർഹത നേടി.
മുംബൈയിൽ നടന്ന ചടങ്ങിൽ നടൻ ശരദ് കേൽക്കറും നടി ഇഷ ഗുപ്തയും അവാർഡുകൾ സമ്മാനിച്ചു. നിർമാതാക്കൾ, മൊത്തവിതരണക്കാർ, ചില്ലറ വില്പനശാലകൾ, വിതരണക്കാർ, ലബോറട്ടറി, ജെമ്മോളജിസ്റ്റ്, ഡിസൈനർമാർ തുടങ്ങി ജെം ആൻഡ് ജ്വല്ലറി മേഖലയിൽ ആറു ലക്ഷത്തിലധികം സംരംഭകരെ പ്രതിനിധീകരിക്കുന്നതാണ് ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സിൽ.