മെഡി., എൻജി. പ്രവേശനം: ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാൻ സാവകാശം
Friday, February 28, 2020 1:29 AM IST
തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങൾക്ക് മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശനത്തിൽ ആനുകൂല്യം ലഭിക്കുന്നതിനായുള്ള ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാൻ സമയം അനുവദിക്കുമെന്നു പ്രവേശനപരീക്ഷാ കമ്മീഷണറേറ്റ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
സംവരണേതര വിഭാഗത്തിൽ സാന്പത്തികമായി പിന്നാക്കം നില്ക്കുന്നവർക്ക് പ്രവേശനത്തിൽ മാറ്റിവയ്ക്കുന്ന സീറ്റുകളിലേക്ക് റവന്യു വകുപ്പ് നല്കുന്ന ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുന്നതിനുള്ള ക്രമീകരണം പ്രവേശന പരീക്ഷാ വെബ്സൈറ്റിൽ ലഭ്യമായിട്ടില്ല. ഇതിനാൽ ആനുകൂല്യം ലഭിക്കേണ്ട വിദ്യാർഥികൾ ആശങ്കയിലായിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷാ കമ്മീഷണറേറ്റിന്റെ പത്രക്കുറിപ്പ്.
സർട്ടിഫിക്കറ്റ് എന്നുമുതൽ അപ്ലോഡ് ചെയ്യാൻ കഴിയുമെന്നു പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടില്ല.അപ് ലോഡ് ചെയ്യുന്നതിനുള്ള തീയതി സംബന്ധിച്ച വിജ്ഞാപനം പിന്നീട് നല്കുമെന്നാണ് അറിയിപ്പ്.
റവന്യു വകുപ്പ് നിശ്ചിത മാതൃകയിൽ തയാറാക്കിയിട്ടുള്ള സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസിൽ അപേക്ഷ നല്കിയാണു വാങ്ങേണ്ടത്.