പിറവം പള്ളിക്കേസ് വിധി പറയാൻ മാറ്റി
Thursday, January 23, 2020 11:54 PM IST
കൊച്ചി: പിറവം പള്ളിയോടനുബന്ധിച്ചുള്ള ചാപ്പലുകളുടെ നിയന്ത്രണം വിട്ടുകിട്ടാൻ ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പിറവം പള്ളിയുടെ നിയന്ത്രണം ഓർത്തഡോക്സ് വിഭാഗത്തിനു കൈമാറിയിരുന്നു. തുടർന്നാണ് ഇതോടൊപ്പമുള്ള 11 ചാപ്പലുകളുടെ നിയന്ത്രണം ആവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ എറണാകുളം പള്ളിക്കോടതിയിൽ ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച വസ്തുവിവര പട്ടികയിൽ ഏഴു ചാപ്പലുകളെക്കുറിച്ചു മാത്രമാണു പറയുന്നതെന്നു യാക്കോബായ വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു.
ഹൈക്കോടതി നിർദേശപ്രകാരം ഇക്കാര്യങ്ങൾ വ്യക്തമാക്കി ചാപ്പലുകളെ സംബന്ധിച്ചു കളക്ടർ റിപ്പോർട്ട് നൽകിയിരുന്നു. ഇതുകൂടി പരിഗണിച്ചാണു ഹൈക്കോടതി ഹർജി വിധി പറയാൻ മാറ്റിയത്.