ഇടുക്കിയിൽ പട്ടയമേള ഇന്ന്; വിതരണം 8,101 പട്ടയങ്ങൾ
Thursday, January 23, 2020 11:44 PM IST
തൊടുപുഴ: ജില്ലാതല മെഗാ പട്ടയമേള ഇന്നു കട്ടപ്പന സെന്റ് ജോർജ് പാരിഷ്ഹാളിൽ നടക്കും. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിനു ശേഷമുള്ള നാലാമതു പട്ടയമേളയാണിത്. ജില്ലയിലെ 11 റവന്യു ഓഫീസുകളിൽനിന്നായി 8,101 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്.
ഇത്തവണ കോളനികൾക്കു പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. ഇതിനു പുറമെ വസ്തുവിന്റെ സ്കെച്ചും കൂടി വിതരണം ചെയ്യുന്നുവെന്നത് ഇത്തവണത്തെ പട്ടയമേളയുടെ പ്രത്യേകതയാണ്.
ഏഴല്ലൂർ, കൊലുന്പൻകോളനി, അഞ്ചിരി, ഇഞ്ചിയാനി, മാങ്കുളം, പണിയക്കുടി, പെരുങ്കാലകോളനി ഉൾപ്പെടെ 18 കോളനികളിൽ താമസിക്കുന്ന 1,500 ഓളം പേർക്ക് പട്ടയം ലഭ്യമാകും. പട്ടയ വിതരണത്തിന് 32 കൗണ്ടറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
രാവിലെ 10.30നു നടക്കുന്ന യോഗത്തിൽ മന്ത്രി ഇ.ചന്ദ്രശേഖരൻ പട്ടയമേള ഉദ്ഘാടനംചെയ്യും.മന്ത്രി എം.എം.മണി അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. റോഷി അഗസ്റ്റിൻ എംഎൽഎ, ജില്ലാ കളക്ടർ എച്ച്.ദിനേശൻ, എംഎൽഎമാരായ പി.ജെ. ജോസഫ്, ഇ.എസ്.ബിജിമോൾ, എസ്.രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, കട്ടപ്പന നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി, സി.എം.ആന്റണി സ്കറിയ തുടങ്ങിയവർ പ്രസംഗിക്കും.