വിതുരക്കേസ്: അടുത്ത വിസ്താരം 31ന്
Thursday, January 23, 2020 11:18 PM IST
കോട്ടയം: വിതുര പീഡനക്കേസിന്റെ അടുത്ത വിസ്താരം 31നു കോട്ടയത്തെ പ്രത്യേക കോടതി പരിഗണിക്കും. പീഡന കേസിൽ ഇരയായ യുവതി വനിതാ സ്റ്റേഷനിൽ നല്കിയ മൊഴി സ്റ്റേഷനിലെത്തിയ പുരുഷ എസ്ഐ ബലമായി മാറ്റിയെഴുതിച്ചതായി വനിത എസ്ഐ കോടതിയിൽ ഇന്നലെ മൊഴി നല്കി.
1996ൽ ജൂലൈ 23നു എറണാകുളം വനിത സ്റ്റേഷനിലെ എസ്ഐയായിരുന്ന ലക്ഷ്മിക്കുട്ടി മുന്പാകെ പീഡനത്തിനിരയായ യുവതി നല്കിയ മൊഴിയാണ് സ്റ്റേഷനിൽ എത്തിയ സുന്ദർ രാജ് എന്ന എസ്ഐയാണു കീറികളഞ്ഞത്.
തന്റെ പക്കൽനിന്നു മൊഴി രേഖപ്പെടുത്തിയ പേപ്പർ വാങ്ങി സുന്ദർരാജ് കീറികളഞ്ഞെന്നും പിന്നീട് സുന്ദർരാജ് പറഞ്ഞതിൻ പ്രകാരമാണു മൊഴി രേഖപ്പെടുത്തിയതെന്നും ലക്ഷ്മിക്കുട്ടി കോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ചു ഡിപ്പാർട്ട്മെന്റ് തലത്തിൽ പരാതി നല്കിയതും സുന്ദർരാജിനെതിരെ നടപടി ഉണ്ടാകുകയും ചെയ്തിരുന്നെന്നും ഇവർ കോടതിയെ അറിയിച്ചു.